ന്യൂഡൽഹി: മുതലപ്പൊഴി ഹാർബറിലെ അപകടങ്ങൾക്ക് പരിഹാരം കാണാൻ തെക്കുഭാഗത്തുള്ള പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കണമെന്നും അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യണമെന്നും കേന്ദ്ര ജല, ഊർജ്ജ ഗവേഷണ സ്റ്റേഷൻ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. അടിയന്തര ഡ്രഡ്‌ജിംഗ് പ്രവൃത്തികൾക്കും പുലിമുട്ട് സംരക്ഷണത്തിനും മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
മാതൃക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോസ്റ്റൽ എൻജിനിയറിംഗ് ഇൻ ഫിഷറീസ് നിർദ്ദേശിച്ച ഫ്ളൂം സ്റ്റഡി അഥവാ തുറന്ന ചാനലുകളിലെ വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച ശാസ്ത്രീയ പഠനവും നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഹാർബർ മേഖല അപകടരഹിതമാകുമെന്നും മന്ത്രി വിശദീകരിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളുടെ ജീവനു വില കൽപ്പിക്കുന്നില്ലെന്നും കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ മുതലപ്പൊഴി നവീകരണ പദ്ധതികൾ വൈകിപ്പിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |