വയനാട്ടിൽ ഉരുൾപൊട്ടലിൽ അനാഥരായ ഏതെങ്കിലും കുട്ടികളുണ്ടെങ്കിൽ അവരെ പാലൂട്ടാൻ തന്റെ ഭാര്യ തയ്യാറാണെന്ന് ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. സംഭവം വൈറലാവുകയും ചെയ്തു. ഇതിനുപിന്നാലെ സജിനെയും ഭാര്യ ഭാവനയേയും തേടി ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺകോളുകളും എത്തിയിരുന്നു.
എത്രയും വേഗം വയനാട്ടിലെത്തണമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. രാത്രി തന്നെ കുട്ടികളെയും കൊണ്ട് ദമ്പതികൾ ഇടുക്കിയിൽ നിന്ന് പുറപ്പെടുകയും ചെയ്‌തു. ഉപജീവനമാർഗമായ പിക്കപ്പിലായിരുന്നു യാത്ര. ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച് ഭാവന കേരള കൗമുദി ഓൺലൈനിനോട് നേരത്തെ മനസുതുറന്നിരുന്നു.
"ഞാൻ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. രണ്ടാമത്തെ കുഞ്ഞിനെ മുലയൂട്ടുന്നുണ്ട്. ദുരന്തമുഖത്ത് അമ്മമാരെ നഷ്ടമായ കുഞ്ഞുങ്ങളുണ്ടെന്ന് വാർത്തകളിൽ കണ്ടിട്ടുണ്ടായിരുന്നു. നമ്മളെക്കൊണ്ട് വേറൊരു രീതിയിലും സഹായിക്കാനുള്ള മാർഗം ഇല്ല. ഒരു അമ്മ എന്ന നിലയ്ക്ക് എന്തുകൊണ്ട് മുലപ്പാൽ കൊടുത്തുകൂട എന്ന് ഞാൻ ചിന്തിച്ചു. ഭർത്താവിനോട് പറഞ്ഞപ്പോൾ സപ്പോർട്ട് തന്നു. വീട്ടിലും ആരും നെഗറ്റീവ് ആയി പറഞ്ഞില്ല. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ടേയുള്ളൂ. പിന്നെ ഭർത്താവിന്റെ കുടുംബം വയനാട്, കോഴിക്കോട് ഭാഗത്തുണ്ട്. ആ ഒരു ധൈര്യമുണ്ട്. അതുകൊണ്ട് തന്നെ എന്തായാലും മുന്നിട്ടിറങ്ങി. നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ തന്നെ അല്ലേ മറ്റ് കുഞ്ഞുങ്ങളും."- എന്നായിരുന്നു ഭാവന പറഞ്ഞത്.
വയനാട്ടിലെത്തിയ ദമ്പതികൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണെന്ന് പറഞ്ഞ് തങ്ങളെ വിളിച്ചവരെ തിരിച്ചുവിളിച്ചു. എന്നാൽ ഫോൺ എടുത്തില്ല. പറ്റിക്കപ്പെട്ടെന്ന് മനസിലായിട്ടും ഇരുവരും തിരിച്ചുപോയില്ല. ഏതെങ്കിലും കുഞ്ഞിന് ആവശ്യം വരുമോ എന്നോർത്ത് ഇപ്പോഴും വയനാട്ടിൽ തുടരുകയാണ്. ഇതിനിടയിൽ തങ്ങളുടെ നാല് മാസം പ്രായമായ കുഞ്ഞിന് അലർജിയുണ്ടാവുകയും ചെയ്‌തു. ഇതിനെക്കുറിച്ചൊക്കെ കേരള കൗമുദി ഓൺലൈനിനോട് സജിൻ വെളിപ്പെടുത്തുന്നു.
"തിരിച്ചുപോയിട്ടില്ല. നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നേയുള്ളൂ. മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങളുണ്ടെങ്കിൽ ഞങ്ങൾ പോകുന്നതിന് മുമ്പ് വിളിക്കുകയാണെങ്കിൽ, പാൽ കൊടുത്തിട്ട് പോകാമെന്ന് കരുതിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ചിലപ്പോൾ ഇന്നുരാത്രിയോ നാളെ രാവിലെയോ തിരിച്ചുപോകും.
ഇപ്പോൾ വയനാട്ടിലുണ്ട്. പലരും കോൺടാക്‌ട് ചെയ്‌തു. ഐ സി യുവിലൊക്കെ കിടക്കുന്ന അമ്മമാരിൽ പലരും സുഖംപ്രാപിച്ചു. നിലവിൽ അനാഥമാക്കപ്പെട്ട വളരെ ചെറിയ കുട്ടികൾ ഇല്ല. പിന്നെ വീടുകളിലോ ഒറ്റപ്പെട്ടയിടങ്ങളിലോ ഉണ്ടോയെന്നറിയില്ല. ക്യാമ്പിലൊക്കെ നമ്പരും കാര്യങ്ങളുമൊക്കെ കൊടുത്തിട്ടുണ്ട്."- സജിൻ പറഞ്ഞു.
താമസം ബന്ധുവീട്ടിൽ
ബന്ധുക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. കുഞ്ഞിന് പാംപേഴ്സ് ഉപയോഗിച്ചതിന്റെ പ്രശ്നമാണ്. ഇത്രയും മണിക്കൂർ യാത്ര ചെയ്തതല്ലേ. അത്യാവശ്യമാണെന്ന് പറഞ്ഞ് വിളിച്ചതുകൊണ്ട് അധികം താമസിക്കാതെ ഇങ്ങ് പോരുകയായിരുന്നു. പിന്നെ നാല് മാസമായതല്ലേ ഉള്ളൂ. കാലാവസ്ഥ മാറിയതിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ട്. ആശുപത്രിയിൽ കാണിച്ചായിരുന്നു. ശരിയായിട്ടില്ല. നാട്ടിലെത്തിയിട്ട് ഇനി എന്തെങ്കിലും ചെയ്യാം.
നെഗറ്റീവ് കമന്റുകൾ
നിരവധി നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. നെഗറ്റീവ് കമന്റിട്ടയാളെ നാട്ടുകാർ അടിച്ചതിനെപ്പറ്റി അറിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് അടിക്കുന്നതിനോടൊന്നും താത്പര്യമില്ല. പുള്ളിക്കും കുടുംബമൊക്കെ ഉള്ളതല്ലേ. നെഗറ്റീവ് വാർത്ത ചെയ്ത ഓൺലൈൻ മാദ്ധ്യമങ്ങൾ ഉണ്ട്. നമ്മൾ അതൊക്കെ നോക്കാൻ നിന്നാൽ അതിനേ സമയം ഉണ്ടാകുകയുള്ളൂ. സ്വന്തം ചെലവിൽ ഒരു കാര്യം ചെയ്തു. ചിലരത് വിറ്റ് കാശാക്കാൻ നോക്കുന്നു. ഒന്നും കാര്യമാക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |