മധുരമുള്ള മഴക്കിനാവുകൾക്കു മേൽ മിന്നലേൽക്കുന്നതിന്റെ നടുക്കത്തിലാണ് മലയാളികൾ. കരിയിലകളിലും കുടയിലും കാട്ടിലും മരച്ചില്ലകളിലും മേളപ്പെരുക്കങ്ങളായി ഓടിയെത്തിയിരുന്ന മഴയുടെ മട്ടും ഭാവവും ഇന്ന് മാറി. കലിതുള്ളി പെയ്യുന്ന മഴ മലമുകളിലും തീരപ്രദേശങ്ങളിലും നാശം വിതയ്ക്കുമ്പോൾ കണ്ണീരിൽ മുങ്ങുകയാണ് കൊച്ചുകേരളം. 2018ലെ പ്രളയത്തിനുശേഷമാണ് മലയാളികൾ മഴയെ വല്ലാതെ പേടിച്ചുതുടങ്ങിയത്. സ്‌കൂൾ വരാന്തകളിലും ആരാധനാലയങ്ങളിലുമൊക്കെ അഭയാർത്ഥികളായി കഴിയേണ്ടിവന്നവരുടെ തലക്കനവും പ്രതാവും പ്രളയത്തിൽ ഒഴുകിപ്പോയെങ്കിലും അതു താത്കാലികമായിരുന്നു. മാനം തെളിഞ്ഞപ്പോൾ മനസുകൾ വീണ്ടും മൂടിക്കെട്ടി. പെട്ടെന്നെത്തി പ്രളയം വിതയ്ക്കുന്ന പെരുമഴ മലയാളക്കരയിൽ പതിവാകുകയാണ്. അതേസമയം കുളിരും സാന്ത്വനവും നൽകിയിരുന്ന നൂൽമഴ അപൂർവവും.
മഴയുടെ പിണക്കത്തിന് കാരണം പലതാണെങ്കിലും മലയാളിക്കു മഴയെ അങ്ങനെയങ്ങ് വെറുക്കാനോ മഴയില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാനോ ആവില്ല. മുൻവർഷങ്ങളിലെ വേനൽ വേണ്ടുവോളം അത് ഓർമ്മിപ്പിച്ചതാണ്. പൊള്ളിക്കുന്ന പകലുകൾക്കു ശേഷമെത്തിയ കാലവർഷവും പിണങ്ങി. എത്രയൊക്കെ പിണങ്ങിയാലും മഴയോടുള്ള ഇഷ്ടം മലയാളക്കരയ്ക്കു കുറയില്ല. പ്രണയത്തിലും വിരഹത്തിലും ധ്യാനത്തിലുമെല്ലാം മഴയുടെ സാമീപ്യം കൊതിക്കാത്തവരില്ല.
ഓർമ്മകളിലെ മഴ
പ്രവാസികളെ സംബന്ധിച്ചിടത്തോളം മഴയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. മഴയും മലയാളിയും തമ്മിലുള്ള മനപ്പൊരുത്തം ഏറ്റവും കൂടുതലറിയുന്നത് ഗൾഫുകാരാണ്. ലേബർ ക്യാമ്പുകളിലെയടക്കം ബങ്കർബെഡുകളിൽ പഴഞ്ചൻ എ.സിയുടെ മുരൾച്ചകേട്ട് കിടക്കുന്ന സാധാരണക്കാർക്ക് സാന്ത്വനമാണ് മഴ. മൊബൈൽ ആപ്പിലെ മഴത്താളങ്ങൾ ഇയർഫോണിലൂടെ കേട്ടുകിടന്നാൽ കുളിരുള്ള ഓർമ്മകൾ ഓടിയെത്തും. കാട്ടിലെ മഴ, പുഴയിൽ പെയ്യുന്ന മഴ, കുടചൂടിപ്പോകുമ്പോഴുള്ള മഴത്താളം എന്നിങ്ങനെ മഴയുടെ മേളപ്പദം മുറുകുമ്പോൾ കുഞ്ഞുമുറിക്കുള്ളിൽ കാലവർഷപ്രതീതി. മനസിന് എത്രവിഷമമുണ്ടെങ്കിലും ഉറക്കം ഓടിയെത്തുമെന്ന് പ്രവാസികൾ പറയുന്നു. പ്രണയവും വിരഹവും വാത്സല്യവും കോരിച്ചൊരിയുന്ന ചലച്ചിത്ര-ലളിത ഗാനങ്ങളും ഗൃഹാതുരത്വം സമ്മാനിക്കുന്നു. സ്മാർട് ഫോണുകൾ ഇല്ലാതിരുന്ന പഴയകാലത്തെ പ്രവാസികൾക്ക് ഇതെല്ലാം അന്യമായിരുന്നു. ഇതൊക്കെയാണെങ്കിലും നാട്ടിലേക്കു മടങ്ങേണ്ടി വന്നവർ ഓർമ്മിപ്പിക്കുന്ന വലിയൊരു സത്യമുണ്ട്,ഗൾഫിൽ ജോലിയുള്ളപ്പോഴേ നാട്ടിലെ മഴയ്ക്കു സൌന്ദര്യവും സുഗന്ധവുമുള്ളൂ!
മേഘരാഗമായി 'ക്ലാര"
കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മഴയോർമ്മകളിൽ പത്മരാജന്റെ 'തൂവാനത്തുമ്പികളിലെ" ക്ലാരയുണ്ടാകും. മേഘം പൂത്തുതുടങ്ങുമ്പോൾ മോഹം പെയ്തുതുടങ്ങുന്നതും പ്രണയമണിത്തൂവൽ കൊഴിയുന്ന പവിഴമഴയുമെല്ലാം മലയാളികളുടെ ഹൃദയതന്ത്രികളിൽ പടർന്നുകയറിയ നിത്യസൗന്ദര്യങ്ങളാണ്. ഭരതന്റെ വൈശാലിയിലുമുണ്ട് താളം തുളുമ്പുന്ന മഴ. അമ്പരപ്പിക്കുന്ന സംഗീതം കൊണ്ടു ഭ്രമിപ്പിക്കാനും ആദ്യ തുള്ളികൾ കൊണ്ടു മണ്ണിൽ ചിത്രരചന നടത്താനുമെല്ലാം കഴിയുന്ന മഴ എല്ലാ തലമുറകളെയും സ്വാധീനിച്ചിട്ടുണ്ട്.
ചോരുന്ന വീട്ടിലെ കുതിരുന്ന ചാണകത്തറയുടെ ഗന്ധമാണ് ഓരോ മഴയും സമ്മാനിക്കുന്നതെന്ന് മൺമറഞ്ഞ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. വീടിന്റെ ദ്രവിച്ച മേൽക്കൂരയിലൂടെ കണ്ട ആകാശത്തെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ പലർക്കും പെരുമഴയെ പേടിയായിരുന്നു. ചോരുന്ന വീടുകളിലെ പാത്രങ്ങളിൽ വീഴുന്ന മഴത്തുള്ളികൾ അവർക്കു നൽകിയത് ജീവിതത്തിൽ തോൽക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു.
മഴക്കാലത്ത് പതിവായി കേരളത്തിലെത്തുന്ന വിദേശികളേറെയാണ്. അറബ് പൗരന്മാരാണ് മുന്നിൽ. മൂന്നാറും വയനാടും ഇവരുടെ പ്രിയപ്പെട്ട താമസകേന്ദ്രങ്ങളാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ താമസത്തിനും ഭക്ഷണത്തിനും സൗകര്യമുണ്ടെന്നതും വിദേശികളെ ആകർഷിക്കുന്നു.
കേരളത്തിന്റെ സ്വന്തം
മഴ സലാലയിൽ
നാട്ടിൽ മഴയത്തു പുറത്തിറങ്ങാത്തവർ ഗൾഫിൽ തലയിൽ പ്ലാസ്റ്റിക് കവറിട്ട് മഴ നനയുന്നു. ഏതെങ്കിലും മേഖലയിൽ മഴചാറുന്നു എന്നു കേട്ടാൽ വണ്ടിയെടുത്ത് അങ്ങോട്ട് പായുന്നവരുമേറെയാണ്.
ഗൾഫിലെ വേനലവധി നാട്ടിൽ മഴയാഘോഷമാക്കാൻ സാധിക്കാത്തവരുടെ ആശ്വാസ തീരമാണ് ഒമാനിലെ സലാല. വേനലവധിക്ക് യാത്രാനിരക്ക് കുതിച്ചുയരുന്നതിനാൽ സാധാരണക്കാർ നാട്ടിൽ പോകാറില്ല. ഇവരിൽ ചിലർ കേരളത്തിന്റെ തനിപ്പകർപ്പായ സലാലയ്ക്കു പോകുന്നു. കേരളത്തിലെ അതേ കാലാവസ്ഥയായതിനാൽ അവധികിട്ടിയാൽ സലാലയ്ക്കു പോകുന്നവരേറെയാണ്. മഴയും മഞ്ഞും മലകളും ഒരുമിക്കുമ്പോൾ സലാല കേരളത്തേക്കാൾ ഒരുപടി മുന്നിലാണെന്ന് പറയുന്നവരുമുണ്ട്. കപ്പയും കാച്ചിലും ഏത്തക്കുലയുമൊക്കെയായി മടങ്ങുകയുമാകാം. കുറഞ്ഞ വരുമാനക്കാർക്ക് ഇതും അപ്രാപ്യം.
സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയിൽ മൺസൂൺ (ഖരീഫ്) മേള പ്രസിദ്ധമാണ്. സലാലയിൽ ജൂൺ 21 മുതൽ സെപ്തംബർ വരെയാണ് മൺസൂൺ സീസൺ. ബീച്ചുകൾ, മലകൾ, കാട്ടുപൂക്കൾ വിടർന്ന താഴ്വാരങ്ങൾ, ഗുഹകൾ, അരുവികൾ, തടാകങ്ങൾ, ചരിത്ര പൈതൃക മേഖലകൾ എന്നിവ സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിനെ ആകർഷകമാക്കുന്നു. മലയാളികൾ മറക്കാതെ വാങ്ങുന്ന ഒന്നാണ് ഒമാനി ഹൽവ. കോഴിക്കോട്ടെ മിഠായി തെരുവ് പോലെ ധാരാളം ഹൽവ കടകൾ കാണാം. 'മൽബാറി" ഹൽവയുടെ ഒമാനി 'ഭായി"യാണ് ഇതെന്ന് പഴമക്കാർ പറയുന്നു. പണ്ടുകാലത്ത് മലബാറിലെത്തിയ ഒമാനി വ്യാപാരികളാണ് ഈ രുചിക്കൂട്ടുകൾ അവിടെയെത്തിച്ചതെന്നാണ് വിശ്വാസം.
അറേബ്യൻ ഇഷ്ടങ്ങളോട് ഒട്ടിനിൽക്കുന്ന ചേരുവകളാണ് ഒമാനി ഹൽവയിൽ കൂടുതലുള്ളത്. മലബാർ ഹൽവയുടെ അത്രയും കട്ടി ഇതിനില്ല. കത്തിക്കു പകരം സ്പൂൺ മതിയാകും.
ഗോതമ്പ്, നാടൻ നെയ്യ്, പഞ്ചസാര, കുങ്കുമപ്പൂവ്, അത്തിപ്പഴം, ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട് തുടങ്ങിയവ സമൃദ്ധമായി ചേരുന്നു. വിവിധ രുചികളിലും നിറത്തിലും ഇവ ലഭ്യമാണ്. രുചിക്കൂട്ടുകൾ ഒട്ടേറെയുണ്ടെങ്കിലും ഒമാനിലെ പരമ്പരാഗത പാചകക്കാരുടെ 'കൈപ്പുണ്യ'മാണ് ഏവരെയും ഹൽവയുടെ ആരാധകരാക്കുന്നത്. സുൽത്താനിയ, ഖസോസി, ഹലീബ് എന്നിങ്ങനെ പരമ്പരാഗത വ്യാപാരികൾ വിവിധ പേരുകളിൽ തയ്യാറാക്കുന്നു. കോഴിക്കോടൻ ഹൽവ, ബോംബെ ഹൽവ, വടക്കൻ മലബാറിലെ കിണ്ണത്തപ്പം തുടങ്ങിയവയോടെല്ലാം ഒമാനി ഹൽവയ്ക്കു സാമ്യം തോന്നാം. രുചി ഇതിൽനിന്നെല്ലാം വ്യത്യസ്തം. ഒമാനിലെ വിശേഷദിവസങ്ങളിൽ ഹൽവ ഒഴിവാക്കാനാവില്ല. മലയാളികൾ പായസത്തിനു നൽകുന്ന അതേ പദവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |