ന്യൂഡൽഹി: ഇന്ത്യ ഭക്ഷ്യ മിച്ച രാജ്യമായി മാറിയെന്നും ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കുള്ള പരിഹാരത്തിന് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 65 വർഷത്തിന് ശേഷം ഇന്ത്യയിൽ സംഘടിപ്പിച്ച 32-ാമത് അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റുകളുടെ (ഐ.സി.എ.ഇ) അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ‌്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് ഏഴ് വരെ നടക്കുന്ന സമ്മേളനത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള 1,000 പ്രതിനിധികൾ പങ്കെടുക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടനായിരുന്നു ഇതിന് മുൻപ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. അന്ന് രാജ്യം കാർഷിക-ഭക്ഷ്യ സുരക്ഷയിൽ വെല്ലുവിളി നേരിട്ടു. അന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ലോകത്തെ ആശങ്കപ്പെടുത്തി. ഇന്ന് ഇന്ത്യ ഒരു ഭക്ഷ്യ മിച്ച രാജ്യമാണ്. പാൽ, പയർവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പരുത്തി, പഞ്ചസാര, തേയില എന്നിവയുടെ രണ്ടാമത്തെ ഉത്പാദകരായി മാറി. അതിനാൽ ആഗോള ഭക്ഷ്യസുരക്ഷയ്ക്കും ആഗോള പോഷകാഹാര സുരക്ഷയ്ക്കും പരിഹാരം കാണാൻ ഇന്ത്യ പ്രവർത്തിക്കുന്നു. സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ കാലാവസ്ഥാ
ഇനങ്ങൾ
പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ 1900 പുതിയ കാലാവസ്ഥാ ഇനം വിളകൾ വികസിപ്പിച്ചു. കർഷകർക്ക് പുതിയ സാങ്കേതിക വിവരങ്ങൾ നൽകുന്ന 500ലധികം കാർഷിക കോളേജുകളും 700ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങളും (ഫാം സയൻസ് സെന്റർ) രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു. കൂടാതെ, കഴിഞ്ഞ ദശകത്തിൽ 90 ലക്ഷം ഹെക്ടർ ഭൂമി മൈക്രോ ഇറിഗേഷന് കീഴിൽ കൊണ്ടുവന്നു. ഇന്ത്യയിൽ, ആറ് സീസണുകൾ കണ്ടാണ് കൃഷി ആസൂത്രണം ചെയ്യുന്നത്. ഇവിടുത്തെ 15 കാർഷിക കാലാവസ്ഥാ മേഖലകൾക്ക് തനത് പ്രത്യേകതകളുണ്ട്. 100 കിലോമീറ്റർ യാത്ര ചെയ്താൽ കൃഷിരീതി മാറും. ഈ വൈവിദ്ധ്യമാണ് ലോകത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രതീക്ഷയുടെ കിരണമായി ഇന്ത്യയെ മാറ്റുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |