തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത് ഒരു വിമാനത്താവളം കൂടി സ്വകാര്യവത്കരിക്കപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്താകമാനം ആകെ 25 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യ മേഖലയിലേക്ക് നടത്തിപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഈ പട്ടികയിലേക്കാണ് കേരളത്തില്‍ നിന്നുള്ള ഒരു വിമാനത്താവളം ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യ മേഖലയിലേക്ക് കൈമാറിയിരുന്നു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ആണ് നിലവില്‍ സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുമ്പോള്‍ അതില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളവും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പ് തന്നെയാണ് ഈ വിമാനത്താവളവും ഏറ്റെടുത്ത് നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നതെന്നാണ് സൂചന.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദാനിക്ക് കഴിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നാണ് വിമാനത്താവളം അദാനിക്ക് കൈമാറിയത്. ഇതിന് ശേഷം വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ നല്ല രീതിയിലാണ് സംസ്ഥാന സര്‍ക്കാരും അദാനിയും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കേണ്ടിവരികയാണെങ്കില്‍ വലിയ തടസങ്ങളുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
രാജ്യത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള 25 വിമാനത്താവളങ്ങള്‍ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുമെന്നാണ് സൂചനകള്‍. 2025 ഓടെ ഇത് പ്രാബല്യത്തിലാക്കുമെന്നാണ് ഒരു വര്‍ഷം മുമ്പ് അന്നത്തെ വ്യോമയാന സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയില്‍ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |