മേപ്പാടി : അവന്തിക (8) എന്ന അമ്മു അച്ഛനും അമ്മയും ചേച്ചിയും ഉരുൾപൊട്ടലിൽ പോയതറിയാതെ ആശുപത്രിക്കിടക്കയിലാണ്.
മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെ പ്രശോഭ്-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് അവന്തിക. ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി. അവന്തിക മാത്രം രക്ഷപ്പെട്ടു. മുഖത്തും ദേഹത്തും പരിക്കുണ്ട്.
വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവന്തിക. ചേച്ചി അച്ചു അതേ സ്‌കൂളിൽ ഒൻപതാം ക്ലാസുകാരിയായിരുന്നു.
വിജയലക്ഷ്മിയുടെ മൃതദേഹം കഴിഞ്ഞ ദിവസം മണ്ണിനടിയിൽ നിന്ന് കണ്ടുകിട്ടി. പ്രശോഭിനെയും അച്ചുവിനെയും കിട്ടിയിട്ടില്ല. വിജയലക്ഷ്‌മി തേയില ഫാക്ടറി തൊഴിലാളിയും പ്രശോഭ് ഓട്ടോറിക്ഷ ഡ്രൈവറും ആയിരുന്നു.
ഇവർ താമസിച്ച എസ്റ്റേറ്റിലെ മൂന്ന് ക്വാർട്ടേഴ്സുകളിൽ രണ്ടിലും താമസക്കാരുണ്ടായിരുന്നു. ഈ സ്ഥലം ഇപ്പോൾ ഒരു മൺകൂമ്പാരമാണ്.
ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ അവന്തികയെ ആശുപത്രിയിൽ പരിചരിക്കുന്നത് പ്രായമായ അമ്മൂമ്മയാണ്. മധുര സ്വദേശിയായ അമ്മൂമ്മ ഉരുൾപൊട്ടൽ അറിഞ്ഞ് ഇന്നലെയാണ് ഇവിടെ എത്തിയത്. മകളും മരുമകനും പേരക്കുട്ടിയും ദുരന്തത്തിനിരയായത് അവരെ കണ്ണീരിലാഴ്‌ത്തി. ആശുപത്രിക്കിടക്കയിൽ അവന്തിക ഇടയ്ക്കിടെ അച്ഛനെയും അമ്മയേയും ചേച്ചിയേയും ചോദിക്കും. ഇപ്പോൾ വരുമെന്ന് സമാധാനിപ്പിക്കുകയാണ് അമ്മൂമ്മ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |