തൃശൂർ: പഴയ പ്രൗഢിയോടെ ശക്തൻ തമ്പുരാന്റെ പ്രതിമ തൃശൂരിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ എത്തിച്ച പ്രതിമ ഉച്ചയോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ പഴയ സ്ഥലത്ത് സ്ഥാപിച്ചു.
കഴിഞ്ഞ ജൂൺ ഒമ്പതിന് കെ.എസ്.ആർ.ടി.സി ബസിടിച്ചതിനെ തുടർന്ന് തകർന്ന പ്രതിമ അറ്റകുറ്റപ്പണികൾക്കായി ശില്പി തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ കുന്നുവിള എം.മുരളിയെ ഏൽപ്പിച്ചിരുന്നു.
പ്രതിമ തിരുവനന്തപുരത്ത് കൊണ്ടുപോയി പണി പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിക്കുകയായിരുന്നു. 2013ൽ ഇദ്ദേഹമാണ് പ്രതിമ നിർമ്മിച്ചത്. അറ്റകുറ്റപ്പണിക്ക് 19.5 ലക്ഷം രൂപ ചെലവായി. ഈ തുക കെ.എസ്.ആർ.ടി.സിയുടേയും പി.ബാലചന്ദ്രൻ എം.എൽ.എയുടേയും ഫണ്ടിൽ നിന്നാണ് കണ്ടെത്തിയത്.
10 അടി ഉയരമുള്ള പ്രതിമയ്ക്ക് ഒന്നര ടണ്ണാണ് ഭാരം. ക്രെയിൻ ഉപയോഗിച്ചാണ് പീഠത്തിൽ സ്ഥാപിച്ചത്. പണികൾ പൂർത്തിയാക്കാൻ ഒരു മാസം കൂടിയെടുക്കും. പീഠത്തിൽ പതിപ്പിക്കാനുള്ള ശിലകൾ തമിഴ്‌നാട്ടിൽ നിന്നാണെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |