ബംഗളൂരു: ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ ലോറിയോടെ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചേക്കും. പുഴയിലെ നീരൊഴുക്കും അടിയൊഴുക്കും അൽപ്പമൊന്ന് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തെരച്ചിൽ നടത്താനാവുമോ എന്ന് പരിശോധിക്കുന്നത്.
എന്നാൽ പുഴയിൽ ഇറങ്ങിപരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ സ്വമേധയാ പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്താൻ തയ്യാറായി എത്തിയിട്ടുള്ള ഈശ്വർ മൽപ്പേയ്ക്കും സംഘത്തിനും അധികൃതർ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നാവിക സേനയുടെ സാന്നിദ്ധ്യത്തിൽ നേരത്തേ ഈശ്വർ മൽപേ പുഴയിൽ മുങ്ങാൻ മൂന്നുതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുതവണ വടംപൊട്ടി ഒഴുകിപ്പോവുകയും ചെയ്തിരുന്നു.നിലവിൽ ഷിരൂരിൽ അടക്കം കർണാടകയിലെ തീരദേശ മേഖലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ച് മാത്രമാകും തെരച്ചിലിന് അനുമതി നൽകുക.
തെരച്ചിലിനെക്കുറിച്ച് കർണാടക അധികൃതരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം കുടുംബം വ്യക്തമാക്കിയിരുന്നു. തെരച്ചിൽ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കാര്യങ്ങൾ സംസാരിച്ചെന്നും സഹോദരീ ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കോഴിക്കോട്ട് അർജുന്റെ വീട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
'നാല് ദിവസം കഴിഞ്ഞ് തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ അതിന് ശേഷം നമുക്ക് ഔദ്യോഗികമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കാർഷിക സർവ്വകലാശാലയിൽ നിന്നും വന്നവർ റിപ്പോർട്ട് കൊടുത്തു. ഇന്നലെ അതുമായി ബന്ധപ്പെട്ട് അവലോകനം നടന്നെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം നമുക്ക് ഒരു വിവരവും തന്നിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാം പ്രതിപക്ഷ നേതാവിനോട് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം കൂടെത്തന്നെയുണ്ടെന്നാണ് പറഞ്ഞത്' ജിതിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |