തിരിച്ചറിയാതെ 180 മൃതദേഹങ്ങൾ
സുരേഷ് ഗോപി ദുരന്തഭൂമിയിൽ
മേപ്പാടി/കൽപ്പറ്റ: മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുടഞ്ഞ് തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. അതേസമയം, ഇനിയും കണ്ടെത്താനുള്ളവർക്കായി നടത്തുന്ന തിരച്ചിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി
ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കാൻ തീരുമാനം. രക്ഷാ പ്രവർത്തനത്തിന്റെ ചുമതലയുള്ള 1500 പേരെ മാത്രമേ ബെയ് ലി പാലം കടത്തിവിടൂ.
മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിലാണ് സർവമത പ്രാർത്ഥനയോടെ അന്ത്യവിശ്രമം ഒരുക്കിയത്.
തിരിച്ചറിയാൻ കഴിയാത്ത 180 മൃതദേഹങ്ങളിൽ എട്ടെണ്ണം രാത്രി 10 മണിയോടെ അടക്കം ചെയ്തു. ഓരോ മത വിഭാഗത്തിനും പത്തു മിനിട്ട് പ്രാർത്ഥനാ ചടങ്ങിന് അവസരം കൊടുത്തു. ചടങ്ങിന് മുമ്പ് തിരിച്ചറിഞ്ഞ യുവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ
64 സെന്റ് സ്ഥലം വേർതിരിച്ചാണ് കൂട്ടക്കുഴിമാടങ്ങൾ ഒരുക്കിയത്. അഴുകിത്തുടങ്ങിയവയാണ് അടക്കം ചെയ്തത്.ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൂക്ഷിക്കാൻ തീരുമാനിച്ചത്.
റവന്യു മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലാണ് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്നലെ നടത്തിയ ഐ ബേഡ് ഡ്രോൺ പരിശോധനയിൽ മനുഷ്യശരീര സാന്നിദ്ധ്യമുളള രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. സേന നിർമ്മിച്ച ബെയ് ലി പാലത്തിനു സമീപത്താണ് ഇവയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന മേജർ ഇന്ദ്രബാലൻ അറിയിച്ചു. ഇവിടെ ഇന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തും. ഐബോഡ് പരിശോധന ഇന്നും തുടരും.
ഇന്നലെ വൈകിട്ടുവരെ നടത്തിയ തെരച്ചിലിൽ പരപ്പൻപാറയിൽ നിന്നും നിലമ്പൂരിൽ നിന്നുമായി രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. നിലമ്പൂരിൽ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗങ്ങൾ ലഭിച്ചു. ചാലിയാർ പുഴയിൽ നിന്ന് മാത്രമായി എട്ട് മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങൾ തിരയാനായി 11 നായകൾക്കു പുറമെ നാലെണ്ണം കൂടി ഇന്നെത്തും.സൈനികരടക്കം 1382 പേരാണ് ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്നുളള ഭക്ഷണസാധനങ്ങൾ ക്യാമ്പിന് അകത്തേക്ക് കടത്തില്ല. 136 കൗൺസിലർമാരാണ് ക്യാമ്പിൽ പ്രവർത്തിക്കുന്നത്. ക്യാമ്പിലെ കുട്ടികളുടെ ചിത്രങ്ങൾ എടുക്കാൻ പാടില്ലെന്നും തീരുമാനമുണ്ട്.
മരണം 359
ഔദ്യോഗിക രേഖകളിൽ
മരണം 221
പുരുഷൻ- 97
സ്ത്രീ -87
കുട്ടികൾ- 37
കണ്ടെത്തിയ ശരീര ഭാഗങ്ങൾ- 166
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |