കൊച്ചി: പ്രമുഖ വാണിജ്യ ബാങ്കായ ഐ.ഡി.ബി.ഐ ബാങ്ക് ഏറ്റെടുക്കാനുള്ള മത്സരത്തിൽ ബഹുരാഷ്ട കമ്പനിയായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സും രംഗത്ത്. തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ മാതൃകമ്പനിയാണിത്. ഫെയർഫാക്സിന് പുറമേ എമിറേറ്റ്സ് എൻ.ബി.ഡിയും കോട്ടക് മഹീന്ദ്ര ബാങ്കുമാണ് റിസർവ് ബാങ്കിന് താത്പര്യ പത്രം സമർപ്പിച്ചിട്ടുള്ളത്.
ഐ.ഡി.ബി.ഐ ബാങ്കിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽ.ഐ.സിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇരുവരുടെയും 60.70 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഐ.ഡി.ബി.ഐയുടെ നിയന്ത്രണം കരാർ നേടുന്ന കമ്പനിക്ക് ലഭിക്കും. ബിഡ് സമർപ്പിച്ച കമ്പനികൾ കേന്ദ്രസർക്കാരുമായുള്ള ചർച്ചകളിലാണ്. ഈ സാമ്പത്തികവർഷം അവസാനത്തോടെ ടെൻഡറുകൾ തുറന്നേക്കും. അതേസമയം, ഐ.ഡി.ബി.ഐ ബാങ്കിനെ അതേപടി നിലനിർത്തി ഏറ്റെടുക്കാമെന്നാണ് ഫെയർഫാക്സ് വ്യക്തമാക്കിയിട്ടുള്ളത്.
ഐ.ഡി.ബി.ഐ ബാങ്ക് ഫെയർഫാക്സിന്റെ വരുതിയിലായാൽ സഹസ്ഥാപനമായ സി.എസ്.ബിയുടെ ഘടനയിലും മാറ്റമുണ്ടായേക്കാം.ടൊറന്റോ ആസ്ഥാനമായ ഫെയർഫാക്സിന് ഇന്ത്യയിലടക്കം നിക്ഷേപമുള്ള ശതകോടീശ്വരനും കനേഡിയൻ പൗരനുമായ പ്രേം വാത്സയുടെ പിന്തുണയുണ്ട്. ഐ.ഡി.ബി.ഐ ഓഹരി വിൽപന 2022 മുതൽ കേന്ദ്ര സർക്കാർ സജീവമായി ആലോചിക്കുകയാണ്. യു.എ.ഇയിലും സൗദിയിലും ഇന്ത്യയിലും ധനകാര്യ സേവനമുള്ള സ്ഥാപനമാണ് ഐ.ഡി.ബി.ഐയെ നോട്ടമിടുന്ന എമിറേറ്റ്സ് എൻ.ബി.ഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |