SignIn
Kerala Kaumudi Online
Monday, 16 September 2024 4.15 PM IST

യുദ്ധത്തിന് പോകുന്ന ആർമിക്കാർക്കൊക്കെ കൊടുത്തുവിടുന്ന അതേ സാധനം രക്ഷാപ്രവർത്തകർക്കും നൽകണം

Increase Font Size Decrease Font Size Print Page
wayanad

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്യുക.


രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനം സർക്കാർ തലത്തിൽ തന്നെ ഒരുക്കുകയാണ്. മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

ഇത്തരത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ രക്ഷാപ്രവർത്തകർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളെ കുറിച്ച് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വരുന്നവർ പാലിക്കേണ്ട ചില നിയമങ്ങൾ തന്നെയുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് മുരളി തുമ്മാരുകുടി.

തുമ്മാരുകുടിയുടെ വാക്കുകൾ-

രക്ഷാപ്രവർത്തകർ എവിടെയാണ് അപ്പിയിടുന്നത്?

ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകുന്നതിനെ പറ്റി വിവാദം കാണുന്നു. മുൻകൂട്ടി പദ്ധതികൾ ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. വൻദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവർത്തനത്തിനായി അവിടെ എത്തുന്നത്. ഉദാഹരണത്തിന് ഹെയ്തിയിൽ ദുരന്തം ഉണ്ടായപ്പോൾ മൂന്ന് ദിവസത്തിനകം 1400 സംഘടനകളാണ് അവിടെ എത്തിയത്. ഒരു സംഘടനയിൽ ശരാശരി പത്തുപേർ എന്ന് കൂട്ടിയാൽ തന്നെ പതിനാലായിരം ആളായി.

ഇവർക്ക് ആര് ഭക്ഷണം നൽകും, ഇവർ എവിടെ ഉറങ്ങും?, എവിടെ അപ്പിയിടും? കുളിക്കും? ഇവരുടെ സുരക്ഷ ആര് നോക്കും. ഇതൊക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? സത്യത്തിൽ കേരളത്തിൽ ആയിരക്കണക്കിന് രക്ഷാപ്രവർത്തകരുള്ള സ്ഥലത്ത് ഇവർ എവിടെയാണ് താമസിക്കുന്നത്, ടോയ്‌ലറ്റിൽ പോകുന്നത് എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്.

ഇക്കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം, കാരണം രക്ഷാപ്രവർത്തനം നടത്തുന്നവരും മനുഷ്യരാണ്. രക്ഷാപ്രവർത്തനനം നടത്തുമ്പോൾ നമ്മൾ അതിമാനുഷർ ആണെന്നൊക്കെ തോന്നും, മറ്റുള്ളവരുടെ ബുദ്ധിമുട്ട് കാണുമ്പോൾ നമ്മളുടെ ബുദ്ധിമുട്ട് ഒന്നും അല്ല എന്നും. എന്നാലും ദിവസത്തിൽ പന്ത്രണ്ട് മണിക്കൂറിനപ്പുറം തുടർച്ചയായി ജോലി എടുക്കുന്നത് നമ്മുടെ ആരോഗ്യത്തെയും കണക്കുകൂട്ടലുകളെയും ബാധിക്കും. രക്ഷാപ്രവർത്തനത്തിൽ കാണുന്ന ദൃശ്യങ്ങൾ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. നമ്മൾ അത് അറിഞ്ഞില്ല എന്ന് വരും. അതുകൊണ്ടാണ് രക്ഷാപ്രവർത്തകരെ ശ്രദ്ധിക്കാൻ മറ്റു സംവിധാങ്ങൾ ഉള്ളത്. അവർക്കും ഭക്ഷണവും, താമസവും ടോയ്‌ലറ്റും, വെള്ളവും എല്ലാം വേണം.

അതേ സമയം വരുന്ന രക്ഷാപ്രവർത്തകരെല്ലാം നാട്ടുകാരോട് താമസസ്ഥലവും ഭക്ഷണവും ടോയ്‌ലറ്റും ആവശ്യപ്പെട്ടാൽ അതും ബുദ്ധിമുട്ടാവില്ലേ?

ഇത് ഒരു പുതിയ പ്രശ്നമല്ല. ലോകം ആദ്യമായിട്ടല്ല ഒരു ദുരന്തത്തെ നേരിടുന്നത്. അതുകൊണ്ട് തന്നെ അതിനുള്ള സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഹെയ്തിയിലെ കാര്യം എടുക്കാം. ഒരു കോടി ജനസംഖ്യയുള്ള രാജ്യമാണ് ഹെയ്തി.

അവിടെ ഉണ്ടായ ദുരന്തത്തിൽ രണ്ടുലക്ഷത്തി അമ്പതിനായിരം വീടുകൾ പൂർണ്ണമായി നശിച്ചു. ഇരുപത് ലക്ഷത്തിന് മുകളിൽ ആളുകൾ ക്യാമ്പിൽ ആയി. അവരെ സഹായിക്കാൻ പതിനയ്യായിരം രക്ഷാപ്രവർത്തകർ ലോകത്തെവിടെ നിന്നും എത്തി.

ഈ എത്തുന്ന ആളുകൾ ആ നാട്ടിൽ നിന്നും ഭക്ഷണം കണ്ടെത്താൻ നോക്കിയാൽ നാട്ടുകാർക്ക് ഉള്ളത് തന്നെ കിട്ടാതാകും, വിലയും കൂടും. അവർക്ക് താമസിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തേണ്ടി വന്നാൽ ദുരന്തത്തിൽ പെട്ടവർക്ക് അത്രയും സ്ഥലം കുറയും.

അതുകൊണ്ടാണ് ഒന്നാമത്തെ നിയമം: ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ കൃത്യമായ അറിവുള്ളവർ വന്നാൽ മതി.

രണ്ടാമത്തെ നിയമം: രക്ഷാ പ്രവർത്തനത്തിന് വരുന്നവർ കിടക്കാനുള്ള ടെന്റ്, സ്ലീപ്പിങ് ബാഗ്, ടോയ്‌ലറ്ററീസ്, മൂന്നു ദിവസത്തേക്കുള്ള വെള്ളം, ഭക്ഷണം ഇതൊക്കെ കൊണ്ടുവരണം. രക്ഷാപ്രവർത്തനത്തിന് പോകുന്നവർ സാധാരണ ബിരിയാണിയും ചോറും അല്ല കഴിക്കുന്നത്. അതിന് വേണ്ടി തന്നെ കുറച്ചു നാൾ കേടാവാതെ സൂക്ഷിച്ചുവെക്കുന്ന ഭക്ഷണങ്ങൾ ഉണ്ട്. Meals Ready to Eat (MRE) എന്നാണ് ഇതിന് പൊതുവെ പറയുന്നത്. യുദ്ധത്തിന് പോകുന്ന ആർമിക്കാർക്കൊക്കെ കൊടുത്തുവിടുന്ന അതേ സാധനമാണ്. അധികം ടോയ്‌ലറ്റ് വേണ്ടിവരില്ല എന്നൊരു ഗുണം കൂടി ഇതിനുണ്ട് !

ഹെയ്തിയിൽ സുരക്ഷയുടെ ഒരു വിഷയം കൂടി ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തകർ യു.എന്നിന്റെ ലോജിസ്റ്റിക് ബേസിൽ ആണ് താമസിച്ചിരുന്നത്. താമസം എന്നാൽ ഒന്നുകിൽ ടെന്റിൽ, അല്ലെങ്കിൽ സ്ലീപ്പിങ് ബാഗിൽ. ഞാൻ ഒരു ജീപ്പിൽ ഇരുന്നാണ് ഉറങ്ങിയത്, എന്റെ സ്ലീപ്പിങ് ബാഗും ടെന്റും അതില്ലാത്തവർക്ക് കൊടുത്തു.

മൂന്നു ദിവസത്തെ ഭക്ഷണം കൊണ്ടുവരണം എന്ന് പറഞ്ഞാലും എല്ലാവരും അത് പാലിക്കില്ല. അവിടെ യു.എൻ. സമാധാന സേനക്ക് വേണ്ടി ലോജിസ്റ്റിക്സ് കൈകാര്യം ചെയ്ത ഒരു മലയാളി സംഘമാണ് അവർക്കെല്ലാം വേണ്ട ഭക്ഷണം ഒരുക്കിയത്. ജോസ് ചാക്കോ, അനന്തൻ, ജെയ്, മാർട്ടിൻ ഇവരൊക്കെ ആയിരുന്നു അതിന് മുൻകൈ എടുത്തിരുന്നത്. ഈ ലേഖനം അവർ വായിക്കുന്നുണ്ടെങ്കിൽ അവർ അനുഭവം പറയും.

ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന രക്ഷാപ്രവർത്തനം ആണെങ്കിൽ ആ സാഹചര്യം കൈകാര്യം ചെയ്യാൻ മറ്റൊരു അറേഞ്ച്മെന്റ് ഉണ്ട്. സ്വീഡനിലെയും സിംഗപ്പൂരിലെയും സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ലോകത്തെവിടെയും രക്ഷാപ്രവർത്തകർക്ക് ക്യാമ്പുകൾ ഒരുക്കും. അവരുടെ ആർമിയുടെ ക്യാമ്പ് പോലെയാണ്. ബങ്ക് ബെഡ്, കുളിക്കാനും ടോയ്‌ലറ്റിൽ പോകാനുമുള്ള സൗകര്യം, ചൂടുള്ള ഭക്ഷണം, ഇതൊക്കെ അവർ റെഡി ആക്കും. ഹൈതിയിൽ സ്വീഡനിൽ നിന്നുള്ള സംഘമാണ് ക്യാംപ് ഉണ്ടാക്കിയത്. ഒരാഴ്ച കുളിക്കാതെ, ജീപ്പിൽ ഉറങ്ങിയതിന് ശേഷം കുളിച്ച് ബെഡിൽ കിടന്നു കഴിയുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നിസ്സാരമല്ല.

(ഒരാഴ്ചക്കകം ഞാൻ മലയാളി സംഘത്തിലേക്ക് മാറുകയും അവരുടെ അതിഥിയായി രണ്ടുമാസം താമസിക്കുകയും എൻറെ സീറ്റ് കൂടുതൽ ആവശ്യമുള്ള മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്ത കഥ പണ്ട് പറഞ്ഞിട്ടുണ്ട്, അവർക്ക് വീണ്ടും നന്ദി).

കേരളം രക്ഷാപ്രവർത്തനത്തിൽ മറ്റൊരു ലെവലിലേക്ക് മാറുകയാണ്. നിർഭാഗ്യവശാൽ ദുരന്തങ്ങൾ നമ്മുടെ സഹചാരി ആയിരിക്കുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തകർക്ക് മിനിമം പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, രക്ഷാ പ്രവർത്തകരുടെ സംഘങ്ങൾക്ക് ചില സ്റ്റാൻഡേർഡുകൾ, രെജിസ്ട്രേഷൻ, കമ്മ്യൂണിക്കേഷൻ, കോഓർഡിനേഷൻ പ്രോട്ടോക്കോൾ എല്ലാം നിലവിൽ വരാൻ സമയമായി.

അതോടൊപ്പം രക്ഷാപ്രവർത്തകർക്ക് വേണ്ട ഭക്ഷണം, താമസം, അവരുടെ ആരോഗ്യ കാര്യങ്ങൾ, മാനസിക ആരോഗ്യം, ഒക്കെ നോക്കാൻ മറ്റൊരു ലെവൽ സംഘങ്ങളുടെ ആവശ്യവും വന്നിരിക്കുന്നു.

ഇക്കാര്യത്തിൽ മത്സരമല്ല ഏകോപനമാണ് വേണ്ടത്. നമ്മുടെ സമൂഹത്തിന് എളുപ്പത്തിൽ സാധിക്കുന്നതാണ്. അല്പം കൂടി പ്ലാൻ ചെയ്താൽ മാത്രം മതി.

മുരളി തുമ്മാരുകുടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MURALEE THUMMARUKUDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.