ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ജർമ്മനിയെ നേരിടുന്നു
ജയിച്ചാൽ 44 വർഷത്തിന് ശേഷം ഒളിമ്പിക്സ് ഫൈനലിലെത്താം
10.30 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്
പാരീസ് : 44 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിന്റെ ഫൈനലിൽ കളിക്കാൻ ഇന്ത്യൻ ഹോക്കി ടീമിന് കഴിയണമെങ്കിൽ ഇന്ന് ജർമ്മനിക്കെതിരെ സെമി ഫൈനലിൽ വിജയഗർജ്ജനം നടത്തണം. കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്റി
ഷൂട്ടൗട്ടിൽ കീഴടക്കിയ അതേ ആർജവം പുറത്തെടുക്കാമെങ്കിൽ അതിനാകും. പൂളിലെ ഒന്നൊഴികെ എല്ലാ മത്സരങ്ങളും ജയിക്കുകയും ക്വാർട്ടർറിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ മറികടക്കുകയും ചെയ്തുവരുന്ന ജർമ്മനിയെ തടുത്തുനിറുത്താൻ ഇന്ത്യൻ ആരാധകരെല്ലാം ഉറ്റുനോക്കുന്നത് മലയാളി ഗോളി പി.ആർ ശ്രീജേഷിലേക്കാണ്.
പൂൾ ബിയിൽ മൂന്ന് വിജയങ്ങളും ഓരോ സമനിലയും തോൽവിയുമടക്കം 10 പോയിന്റുമായി രണ്ടാം സ്ഥാനക്കാരനായാണ് ഇന്ത്യ ക്വാർട്ടറിലെത്തിയിരുന്നത്. ക്വാർട്ടർ ഷൂട്ടൗട്ടിൽ ബ്രിട്ടനെതിരെ 4-2നായിരുന്നു ജയം. ജർമ്മനി പൂൾ എയിൽ ഫ്രാൻസ്,ദക്ഷിണാഫ്രിക്ക, ഹോളണ്ട്, ബ്രിട്ടൻ എന്നിവരെയൊക്കെ തോൽപ്പിച്ചവരാണ്. സ്പെയ്നോടുമാത്രമാണ് തോറ്റത്. ക്വാർട്ടറിൽ അർജന്റീനയെ 3-2നാണ് തോൽപ്പിച്ചത്.
അമിത് ഇല്ലാതെ ഇന്ത്യ
ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ അമിത് രോഹിദാസിനെ ഇന്ത്യയ്ക്ക് ഇന്ന് കളിപ്പിക്കാനാവില്ല. ഹോക്കിയിൽ റെഡ് കാർഡ് കണ്ടാൽ അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല.അമിത് മനപ്പൂർവ്വം എതിരാളിയെ സ്റ്റിക് കൊണ്ട് തട്ടിയതായി വീഡിയോ റഫറലിൽ കണ്ടെത്താൻ കഴിയാതിരുന്നിട്ടും അമ്പയർ റെഡ് കാർഡ് നൽകുകയായിരുന്നു. ഇതിനെതിരെ ഹോക്കി ഇന്ത്യ സംഘാടകർക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാൽ അമിതിന് കളിക്കാനാകും.
1.ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു.
2.അർജന്റീനയുമായി 1-1ന് സമനില
3.അയർലാൻഡിനെ 2-0ത്തിന് തോൽപ്പിച്ചു.
4.ബെൽജിയത്തോട് 1-2ന് തോറ്റു
5.ഓസ്ട്രേലിയയെ 3-2ന് കീഴടക്കി.
6. ക്വാർട്ടർ ഷൂട്ടൗട്ടിൽ 4-2ന് ബ്രിട്ടനെ മറികടന്നു.
7
ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ് ഇതുവരെ ഏഴുഗോളുകൾ നേടിക്കഴിഞ്ഞു.
1980
മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി ഹോക്കി ഫൈനലിൽ കളിച്ചത്.
18 മത്സരങ്ങളിലാണ് ഇന്ത്യയും ജർമ്മനിയും ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. ഇതിൽ എട്ടു കളികൾ ജയിച്ചത് ഇന്ത്യ. ആറ് ജയം ജർമ്മനിക്ക്. നാലുകളികൾ സമനില.
ടോക്യോ ഒളിമ്പിക്സിൽ വെങ്കലത്തിനായുള്ള മത്സരത്തിൽ ഇന്ത്യ തോൽപ്പിച്ചിരുന്നത് ജർമ്മനിയെ.
ജർമ്മനി നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |