ന്യൂഡൽഹി: പശ്ചിമബംഗാളിലെ 2010 മുതലുള്ള ഒ.ബി.സി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി,77 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനം മമത സർക്കാർ വിശദീകരിക്കാൻ നിർദ്ദേശം. ഹൈക്കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ 77 വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ടതിന്റെ സർവേ കണക്കുകൾ ഒരാഴ്ച്ചയ്‌ക്കകം സർക്കാർ ഹാജരാക്കണം. പട്ടികയിൽപ്പെടുത്തുന്നതിന് മുൻപ് സർക്കാർ സർവീസുകളിൽ ഈവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന ഡേറ്റയും കൈമാറണം. സംസ്ഥാനത്തെ പട്ടികജാതി കമ്മിഷനുമായി നടത്തിയ കൂടിക്കാഴ്ച്ചകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു.
സ്റ്റേ ആവശ്യത്തിൽ
നോട്ടീസ്
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ബംഗാളിന്റെ ആവശ്യത്തിൽ എതിർകക്ഷികളുടെ കൂടി വാദംകേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി നിലപാട്. കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഇക്കഴിഞ്ഞ മേയ് 22ലെ കൽക്കട്ട ഹൈക്കോടതി വിധിയോടെ അഞ്ചുലക്ഷത്തിൽപ്പരം ഒ.ബി.സി സർട്ടിഫിക്കറ്റുകളാണ് റദ്ദായത്. 2012ൽ മമത സർക്കാർ കൊണ്ടുവന്ന നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
ബംഗാൾ ഭരിക്കാൻ ഹൈക്കോടതി ശ്രമിക്കുന്നു
ബംഗാളിന്റെ ഭരണം കയ്യാളാനാണ് കൽക്കട്ട ഹൈക്കോടതിയുടെ ശ്രമമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിരാ ജയ്സിംഗ് ആരോപിച്ചു. മുസ്ലീം സമുദായത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായുള്ള ഉത്പന്നമായി ഉപയോഗിച്ചുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ജുഡീഷ്യൽ അധികാരപരിധിയും കടന്നുള്ളതാണെന്നും വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |