SignIn
Kerala Kaumudi Online
Saturday, 14 September 2024 5.45 AM IST

പിണറായി അല്ല നേതൃസ്ഥാനത്ത് നിന്ന് മാറാൻ പോകുന്നത് മറ്റൊരു സമുന്നതൻ, ആറ് മാസത്തിനകം തീരുമാനം

Increase Font Size Decrease Font Size Print Page
pinarayi

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകൾക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ ഭരണം തുടരുന്നതിനിടെയാണ് സമ്മേളനങ്ങൾക്ക് തുടക്കമാവുന്നത്. ഇനിയുമൊരു ഭരണത്തുടർച്ച ലക്ഷ്യമിടുന്ന പാർട്ടിക്കും മുന്നണിക്കും സർക്കാരിനും പുതിയ ദിശാബോധം നൽകുന്ന ചർച്ചകൾക്കാവും സമ്മേളനകാലത്ത് ഊന്നൽ നൽകുന്നതെന്നാണ് വിലയിരുത്തലുകൾ. ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ വിവിധ കാരണത്താൽ സംഘടനാരംഗത്തുണ്ടായ ശക്തിക്ഷയം കേരളത്തിലുണ്ടാവാതിരിക്കാനുള്ള മുൻകരുതലെടുക്കാനും പാർട്ടി മുതിർന്നേക്കും. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ - ഒക്ടോബർ മാസങ്ങളിലും ഏരിയ സമ്മേളനങ്ങൾ നവംബറിലും, ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്തും പാർട്ടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിലുമാണ് നടക്കുക.

തിരുത്തലിൽ ഊന്നിയ സമ്മേളന വികാരം

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ഗൗരവമായെടുത്ത് പാർട്ടി തെറ്റുതിരുത്തലിന്റെ പാതയിലാണ്. തുടർഭരണ കാലത്തെ പാർട്ടിയും സർക്കാരും, തിരഞ്ഞെടുപ്പ് തിരിച്ചടി, മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ശൈലിമാറ്റം, ജനങ്ങളിൽ നിന്നകന്ന പാർട്ടി സമീപനം എന്നിവയും സമ്മേളനങ്ങളിൽ വിചാരണയ്ക്ക് വിധേയമാകും. ഇതിന് പുറമേ പാർട്ടിയുടെ എക്കാലത്തെയും സ്ഥിര നിക്ഷേപമെന്ന് കരുതിയിരുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ബാങ്കിലുണ്ടായ വിള്ളലുകളും ഏരിയ,​ ജില്ലാ- സംസ്ഥാന സമ്മേളനങ്ങളിൽ ചൂടൻ ചർച്ചയാകും. പാർട്ടി സമീപനത്തിലും കാതലായ മാറ്റങ്ങൾ വേണമെന്ന നിർദ്ദേശങ്ങൾ ഉയർന്നു വന്നേക്കും. താഴേത്തട്ടിലെ ഘടകങ്ങളുടെ പൊതുവികാരം കൂടി കണക്കിലെടുത്തി വിവിധ ജില്ലാ കമ്മറ്റികളിൽ നടക്കുന്ന ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാവും സംസ്ഥാന സമ്മേളനം തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പൂർണ്ണമാക്കുക.

വിരുദ്ധ വികാരമുണ്ടാക്കിയ ഭരണത്തുടർച്ച

ഭരണത്തുടർച്ചയുടെ ഭാഗമായുള്ള ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമായതും ജനങ്ങളും പാർട്ടിയും തമ്മിലുള്ള അകലം വർദ്ധിച്ചതുമാണ് പാർലമെന്ററി രംഗത്ത് പാർട്ടിക്ക് തിരിച്ചടി നേരിട്ടതെന്നാണ് കേന്ദ്രക്കമ്മറ്റിയുടെ വിലയിരുത്തൽ. ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കരുതെന്ന പാർട്ടി ദേശീയ നേതൃത്വത്തിന്റെ താക്കീത് ഇതിൽ പ്രകടമാണ്. വർഗരാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന പാർട്ടി സ്വത്വ രാഷ്ട്രീയം മുൻനിറുത്തി തിരഞ്ഞെടുപ്പ് അവലോകനം നടത്തിയെന്നും കേന്ദ്രക്കമ്മറ്റി വിമർശിച്ചിരുന്നു. വർഗപരമായ വിശകലന രീതി മറികടന്ന് മതസാമുദായിക വിഭാഗങ്ങൾ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന വിലയിരുത്തലിലേക്ക് പാർട്ടി സംസ്ഥാന ഘടകത്തെ എത്തിച്ചത് സംഘടനാ രംഗത്തുള്ള പോരായ്മയായും ചൂണ്ടിക്കാട്ടപ്പെടുന്നു. സർക്കാരിന്റെ ഭാഗമായുള്ള അമിതാധികാര പ്രയോഗവും ജനങ്ങളുടെ മനസിലിരുപ്പ് തിരിച്ചറിയാതെയുള്ള പാർട്ടിയുടെ പ്രവർത്തന ശൈലിയും തിരുത്താനുള്ള ചർച്ചകളും ഇക്കാലയളവിൽ നടക്കും.

വേട്ടു ചോർച്ചയും ബി.ജെ.പി വളർച്ചയും

സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ രാഷ്ട്രീയ വളർച്ച സി.പി.എമ്മിൽ നിന്നുള്ള വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന കണ്ടെത്തൽ പാർട്ടി ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള വോട്ടൊഴുക്ക് പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കോൺഗ്രസിൽ നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുമ്പോൾ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകൾ സംഘപരിവാര ക്യാമ്പിലേക്ക് കൂടുമാറുകയാണ്. രാഷ്ട്രീയമായി പരസ്പരം എതിർക്കുമ്പോഴും സി.പി.എം - ബി.ജെ.പി അന്തർധാര സംസ്ഥാനത്തുണ്ടെന്ന കോൺഗ്രസിന്റെ രാഷ്ട്രീയ ആരോപണങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മൂന്നാം ശക്തിയായി മാറുന്ന ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കുന്നതിൽ സി.പി.എം അലംഭാവം കാട്ടിയെന്നുള്ള ചില അടക്കം പറച്ചിലുകൾ പാർട്ടിക്കുള്ളിലുണ്ട്. ഇതിന് പുറമേ സി.പി.എമ്മിന്റെ പരിധി വിട്ട ന്യൂനപക്ഷ പ്രീണനം പാർട്ടി അണികളിലുണ്ടാക്കിയ അപമതിപ്പും വോട്ട് ചോർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പാലക്കാട് പ്ലീനത്തിലെ പാർട്ടി അംഗങ്ങളുടെ വിശ്വാസ കാര്യങ്ങളിലും ശബരിമല സ്ത്രീപ്രവേശമടക്കമടക്കമുള്ള വിഷയങ്ങളിലെ നിലപാടും സംഘടനാ തലത്തിലും പാർലമെന്ററി തലത്തിലും പാർട്ടിക്കുണ്ടാക്കിയ ക്ഷീണവും ചെറുതല്ല.


വിഭാഗീയത ആഭ്യന്തര പ്രശ്നങ്ങളാകുമ്പോൾ

മുമ്പ് ആശയപരമായ ഭിന്നതകൾ പാർട്ടിയിൽ വിഭാഗീയതയ്ക്ക് വഴിമരുന്നിട്ടെങ്കിൽ ഇന്ന് ജില്ലകളിൽ പലയിടത്തും ആഭ്യന്തര പ്രശ്നങ്ങളായി അത് രൂപം മാറിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ തുടങ്ങിയ പല ജില്ലകളിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സമ്മേളനങ്ങൾ ഭംഗിയായി പൂർത്തിയാക്കുയെന്ന വെല്ലുവിളിയും പാർട്ടിക്കുണ്ട്. ജില്ലകളിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് പുറമേ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പോലെയുള്ള മുതിർന്ന നേതാക്കളുടെ പേരിലുയരുന്ന ബി.ജെ.പി ബന്ധവും ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും തൊട്ടു പിന്നാലെ വരുന്ന തദ്ദേശ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും മുൻനിറുത്തി സമ്മേളനങ്ങളിൽ നിന്നുള്ള അപശബ്ദങ്ങൾ പരമാവധി കുറയ്ക്കാനുള്ള പാർട്ടിയുടെ ശ്രമം ഏതളവ് വരെ വിജയിക്കുമെന്നും പറയാനാവില്ല.

പ്രായപരിധിയും നേതൃമാറ്റവും

സാദ്ധ്യതകൾ വിരളമാണെങ്കിലും പ്രായപരിധി മാനദണ്ഡമാക്കിയുള്ള നേതൃമാറ്റം കടുപ്പിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംഘടനാരംഗത്തു നിന്ന് പിൻമാറേണ്ടി വന്നേക്കും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി മൂന്ന് വട്ടം പൂർത്തിയാക്കിയതിനാൽ അദ്ദേഹവും മാറിയേക്കും. അങ്ങനെ വന്നാൽ മുതിർന്ന നേതാവായ എം.എ ബേബിയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ പിണറായി, യെച്ചൂരി എന്നിവർക്ക് പ്രത്യേക ഇളവിനുള്ള സാദ്ധ്യതയും തള്ളാനാവില്ല. സംസ്ഥാനത്ത് നിന്നുള്ള പി.കെ ശ്രീമതി, എ.കെ ബാലൻ എന്നിവർക്ക് 75 വയസ് കഴിയുന്നതിനാൽ അവർക്ക് കേന്ദ്രക്കമ്മിറ്റി അംഗത്വം നഷ്ടമാവും. കഴിഞ്ഞ സമ്മേളനത്തിൽ 75 വയസ് കഴിഞ്ഞ 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ

നിന്ന് ഒഴിവാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPIM, PINARAYI VIJAYAN, SITARAM YECHURI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.