കണ്ണൂർ: ബിജെപിയിൽ ചേരുമെന്ന കഥയ‌്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ ആണെന്ന് ഇ.പി ജയരാജന്റെ ആത്മകഥാ പുസ്തകമായ 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തിൽ. ശോഭാ സുരേന്ദ്രന് ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അതും ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ. പ്രകാശ് ജാവദേക്കർ തന്റെ മകന്റെ ഫോണിലേക്കാണ് വിളിച്ചതെന്നും, ദല്ലാൾ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കർ വീട്ടിലേക്ക് വന്നതെന്നും ഇപിയുടെ ആത്മകഥയിലുണ്ടെന്നാണ് സൂചന.
മകന്റെ ഫോണിലേക്ക് വിളിച്ചാണ് അച്ഛൻ വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയത്. തൊട്ടുപിന്നാലെ ജാവദേക്കർ വീട്ടിലേക്ക് എത്തി. കേരള പ്രഭാരി ചുമതല ഏറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നതിന്റെ ഭാഗമായാണ് വന്നത്. രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമർശങ്ങൾ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപിയുടെ ആത്മകഥയിൽ പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയിൽ പറയുന്നു.
എന്നാൽ, ആത്മകഥയിലെ ചില വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും, പുറത്ത് വന്നത് പൂർണമായും വ്യാജമാണെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |