SignIn
Kerala Kaumudi Online
Tuesday, 17 September 2024 7.56 PM IST

വയനാട് ദുരന്തവും ഗാഡ്ഗിൽ റിപ്പോർട്ടും

Increase Font Size Decrease Font Size Print Page
madhav-gadgil

''പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളം കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നത് പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസ്സിലാകും. ''


പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (ഗാഡ്ഗിൽ കമ്മിറ്റി) അദ്ധ്യക്ഷനും പ്രമുഖ പരിസ്ഥിതി ശാസ്ത്രകാരനുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ 2013 ൽ കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളിൽ വികസനത്തിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി നശീകരണത്തെക്കുറിച്ച് അന്ന് അദ്ദേഹം പറഞ്ഞപ്പോൾ കേരളത്തിലെ സകലമാന രാഷ്ട്രീയക്കാരും സംഘടിത സാമുദായിക നേതൃത്വവുമൊക്കെ അദ്ദേഹത്തെ അധിക്ഷേപിക്കാനും റിപ്പോർട്ട് തള്ളിക്കളയണമെന്നും ശക്തിയുക്തം വാദിച്ചവരാണ്. ഗാഡ്ഗിൽ പറഞ്ഞതുപോലെ യുഗങ്ങളൊന്നും കാത്തിരിക്കേണ്ടി വന്നില്ല, കഷ്ടിച്ച് 10 വർഷം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമായി. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തവുമാണ്. മുണ്ടക്കൈ പ്രദേശം നാമാവശേഷമായപ്പോൾ ചൂരൽമല ടൗൺ അപ്പാടെ ഒലിച്ചുപോയി. ഇരുഗ്രാമങ്ങളിലെയും മനുഷ്യർ ജൂലായ് 30ന് രാത്രി ഗാഢനിദ്ര‌യിലായിരിക്കെ പ്രദേശത്തെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ഭൂതം 500 ലേറെ മനുഷ്യജീവനുകളാണ് നക്കിത്തുടച്ചെടുത്ത്. മറ്റു ജീവജാലങ്ങളും കെട്ടിടങ്ങളും വൃക്ഷങ്ങളും അടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കൾ വേറെ. ഔദ്യോഗിക കണക്ക് പ്രകാരം നാനൂറോളം പേരാണ് മരിച്ചത്. ഇരുന്നൂറിലേറെപ്പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവർ ആയിരത്തിലധികവും. മരിച്ച പലരുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കിലോമീറ്ററുകളോളം ദൂരെ നിന്നാണ് കണ്ടെടുത്തത്. വർഷകാലത്ത് ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ഭീകരമായ ഒരു മനുഷ്യക്കുരുതിക്ക് കേരളം ഇന്നേവരെ സാക്ഷിയായിട്ടില്ല. പ്രൊഫ. ഗാഡ്ഗിലിനെ പോലുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും വിദഗ്ധരും കാലാകാലങ്ങളിൽ നൽകിയ അപകട മുന്നറിയിപ്പുകളെ നിഷ്ക്കരുണം അവഗണിച്ചതിന്റെ കൂടി പരിണിത ഫലമായാണ് ഇപ്പോഴത്തെ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നത്. ദാരുണമായ ദുരന്തത്തിനു പിന്നാലെ മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിലും ദേശീയമാദ്ധ്യമങ്ങളിലും സജീവ ചച്ചയാകുന്നത്. ഗാഡ്ഗിലിനെ അനുകൂലിച്ചും എതിർത്തുമുള്ള വാദമുഖങ്ങൾ ഉയരുമ്പോൾ അധികാരികളും രാഷ്ട്രീയ, മത നേതൃത്വങ്ങളും പാലിക്കുന്ന മൗനം അർത്ഥഗർഭമാണ്.

മനുഷ്യനിർമ്മിത

ദുരന്തമെന്നാവർത്തിച്ച് ഗാഡ്ഗിൽ

വയനാട് ദുരന്തത്തെക്കുറിച്ച് ആദ്യമൊന്നും പ്രതികരിക്കാൻ മാധവ് ഗാഡ്ഗിൽ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ചില മാദ്ധ്യമങ്ങളോട് അദ്ദേഹം അഭിപ്രായം പറയാൻ തയാറായി. മനുഷ്യനിർമ്മിത ദുരന്തമെന്ന് പ്രതികരിച്ച അദ്ദേഹം, സർക്കാരിനും ഇതിൽ പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. ചൂരൽമലയുടെ അപകടാവസ്ഥയെക്കുറിച്ച് 5 വർഷം മുമ്പ് വയനാട്ടിലെത്തിയപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ പാറക്വാറികളുടെ നിരന്തര പ്രവർത്തനവും പാറ പൊട്ടിക്കലുമാണ് ഉരുൾപൊട്ടലിന് പ്രധാനകാരണം. പ്രദേശത്തെ റിസോർട്ടുകളും അനധികൃത നിർമ്മാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും നിർമ്മാണം നടക്കുന്നു. പ്രകൃതിയെ മറന്നുള്ള നിർമ്മാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഇടതടവില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളിലെ പാറപൊട്ടിക്കൽ മണ്ണിന്റെ ബലം കുറച്ചു. അതിശക്തമായ മഴവന്നതോടെ ഇത് ദുരന്തത്തിൽ കലാശിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നുണ്ടെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട് ദുരന്തം കയ്യേറ്റവും ഖനനവുമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവും വിമർശിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിൽ നടക്കുന്ന നിയമവിരുദ്ധവും അനധികൃതവുമായ മനുഷ്യവാസവും ഖനനവും ദുരന്തത്തിന് കാരണമായി. ഇവിടെ കയ്യേറ്റം അനുവദിച്ചത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയാണെന്നും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സഞ്ജയ്‌കുമാർ കമ്മിറ്റിയോട് കേരളം സഹകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്

പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം രൂപംകൊടുത്തത്. അതിന്റെ ചെയർമാനായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗിൽ. അദ്ദേഹമടക്കം 14 അംഗങ്ങളുണ്ടായിരുന്ന സമിതി 2010 മാർച്ച് 4 നാണ് ചുമതലയേറ്റത്. ആർക്കും എവിടെയും എന്തും ചെയ്യാമെന്നതിൽനിന്ന് വ്യത്യസ്തമായി ഭൂവിനിയോഗത്തിൽ ഒരു സാമൂഹ്യനിയന്ത്രണം ഏർപ്പെടുത്തുകയെന്ന അനിവാര്യമായ ആവശ്യമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. വിശദപഠനത്തിനു ശേഷം 2011 ആഗസ്റ്റ് 31 ന് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും തുടർ നടപടികളുണ്ടായില്ല. എന്നാൽ അവിടങ്ങളിൽനിന്ന്, തദ്ദേശവാസികളെ ഇറക്കിവിടണമെന്നും പട്ടയംകൊടുക്കാൻ പാടില്ലെന്നും കൃഷി നിറുത്തിക്കണമെന്നും കന്നുകാലികളെ വളർത്താൻ പറ്റില്ലെന്നുമൊക്കെ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തുവെന്ന വ്യാജപ്രചാരണമാണ് രാഷ്ട്രീയ കക്ഷികളും സഭാനേതൃത്വങ്ങളും നടത്തിയത്. പശ്ചിമഘട്ട സംരക്ഷണ മുദ്രാവാക്യം ഉയർത്തി ആഗോള ഏജൻസികളിൽ നിന്ന് കോടാനുകോടികൾ കൈപ്പറ്റിയെന്ന ആരോപണമാണ് ഗാഡ്ഗിൽ കമ്മിറ്റിക്കെതിരെ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കമുള്ള രാഷ്ട്രീയനേതാക്കൾ ഉന്നയിച്ചത്. റിപ്പോർട്ടിനെ അനുകൂലിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ശവമഞ്ചഘോഷയാത്ര നടത്തിയാണ് ഇടുക്കിയിലെ ക്രൈസ്തവസഭാനേതൃത്വം അദ്ദേഹത്തെ ആക്ഷേപിച്ചത്. സ്വന്തം പാർട്ടിതന്നെ ഇതിന്റെ പേരിൽ അദ്ദേഹത്തിന് ലോക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് നിഷേധിക്കുകയും ചെയ്തു.


കസ്തൂരിരംഗൻ റിപ്പോർട്ട്

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഈ ആശങ്കകൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മിഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരിരംഗൻ സമിതിയും മുന്നോട്ട് വച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമെന്ന് കസ്തൂരിരംഗൻ സമിതി വിലയിരുത്തി. കർശനനിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കരുതെന്നും സമിതി നിർദ്ദേശിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ന് ആവശ്യപ്പെട്ടിരുന്നു. അടിയ്ക്കടി ഇത്തരം ദുരന്തങ്ങളുണ്ടായിട്ടും ഇതൊക്കെ മുൻകൂട്ടികാണുകയും മുന്നറിയിപ്പ് നൽകുകയും ചെയ്ത ശാസ്ത്ര സമൂഹത്തോട് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ ഇപ്പോഴും തുടരുന്നുവെന്നതാണ് നിർഭാഗ്യകരമായ വസ്തുത. കേരളത്തെ ചൂഴ്ന്ന് നിൽക്കുന്ന പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ എന്ത് ചെയ്യണമെന്ന് പോലും വിദഗ്ധരുമായി ആലോചിക്കുന്നതിന് പകരം ഭീകരമായ ഉരുൾ പൊട്ടലിന്റെ കാരണങ്ങളായി മഴയെപഴിച്ചും ബാലിശവും അശാസ്ത്രീയവുമായ വാദങ്ങൾ നിരത്തുകയും ചെയ്യുന്ന തിരക്കിലാണ് സർക്കാർ. വിദഗ്ധസമിതി റിപ്പോർട്ടുകളൊന്നും നടപ്പാക്കാതെ പരിസ്ഥതിലോല മേഖലയിലെ വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടാണ് എല്ലാരാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നതെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഈ നിസംഗത തുടർന്നാൽ കേരളം ഇനിയും ഇതിലും വലിയ വിലനൽകേണ്ടി വരുമെന്നാണ് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.