വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ലോകജനതയെ മരവിപ്പിച്ച ദുരന്തമായി നിലകൊള്ളുമ്പോൾ മലയോര മേഖലയായ പത്തനംതിട്ടയിലെയും ജനങ്ങളുടെ ആശങ്കയും ഉയരുകയാണ്, മഴകനക്കുന്നതോടെ ജില്ലയിലെ വിവിധപ്രദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ അധികൃതർ എന്തു മുൻകരുതലുകളെടുക്കും എന്നാണ് അറിയനുള്ളത്. ജില്ലയിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളത് കോന്നി, റാന്നി, കോഴഞ്ചേരി താലൂക്കുകളിലാണ്. കോന്നി താലൂക്കിലെ ഇരുപത് കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. മുണ്ടകെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ മുൻകരുതലുകൾ എടുക്കേണ്ടത് അത്യവശ്യമാണ്. കോന്നിയിലെയും റാന്നിയിലെയും ഉരുൾപൊട്ടൽ സാദ്ധ്യത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്ത സർക്കാർ നടപടി കൊണ്ടു മാത്രം കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതല്ല. വലിയൊരു ദുരന്തത്തിന് ഇരയാകാതെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പ്രയോഗിക നടപടികളാണ് ഉണ്ടാകേണ്ടത്. കൃത്യവും വ്യക്തവുമായ മുന്നറിയിപ്പുകൾ ജനങ്ങൾക്കു നൽകാനുള്ള സംവിധാനം ക്രമീകരിക്കേണ്ടതുണ്ട്.
വേണ്ടത് ജാഗ്രത
കോന്നി താലൂക്കിലെ ഇരുപത് പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ടെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിൽ, കല്ലാർ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാത്രിയിലും പകലും വിദഗ്ദ്ധ സംഘങ്ങൾ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താണ് കോന്നി എം.എൽ.എ ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചത്. അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിരവാരണ സേന, അഗ്‌നിശമന സേന, പൊലീസ്, റവന്യൂ അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തോരാമഴയാണ് ഉരുൾപൊട്ടലിനുള്ള സാദ്ധ്യതയായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കോന്നി, സീതത്തോട് പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും മുൻവർഷങ്ങളിൽ ഉരുൾപൊട്ടി നാശനഷ്ടം ഉണ്ടായിരുന്നു. നദീ തീരങ്ങളിൽ വെള്ളപ്പെക്ക മുന്നറിയിപ്പും നൽകുന്നുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം എന്നീ സ്ഥലങ്ങൾ അതി ജാഗ്രത പുലർത്തേണ്ട മേഖലകളായിട്ടാണ് കണക്കാക്കുന്നത്.
ദുരിതംപേറുന്ന
കിഴക്കൻ മേഖല
മഴ നിറുത്താതെ പെയ്യുമ്പോൾ ആധിയിലാകുന്ന കുറെ കുടുംബങ്ങൾ റാന്നിയിൽ പമ്പാനദിയുടെ മറുകരയിൽ കിഴക്കൻ മലയോര മേഖലയിലുണ്ട്. കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിലുള്ള ഇവരുടെ ദുരിതകഥകൾ പുറംലോകത്തിന് അറിയാവുന്നതാണ്. പട്ടികജാതി, വർഗ വിഭാഗങ്ങൾ ഉൾപ്പെടെ നാനൂറ്റി അമ്പതോളം കുടുംബങ്ങളാണ് കുരുമ്പൻമൂഴിയിൽ ദുരിത ജീവിതം നയിക്കുന്നത്. കുരുമ്പൻമൂഴി കോസ് വേ കടന്ന് മറുകയിലെത്തിയെങ്കിലേ ഇവരുടെ താമസസ്ഥലത്തു പ്രവേശിക്കാനാകൂ. നല്ല ഒരു മഴ പെയ്താൽ കോസ് വേ മുങ്ങും. മുമ്പൊക്കെ കോസ് വേയിൽ കയറുന്ന വെള്ളം വേഗത്തിൽ ഇറങ്ങുമായിരുന്നു. എന്നാൽ അടുത്തകാലത്തായി ദിവസങ്ങളെടുത്താണ് വെള്ളം ഇറങ്ങിപ്പോകുന്നത്. തടികളും മറ്റും വന്നടിച്ച് കോസ് വേയുടെ കൈവരികൾ തകർന്നു. മണൽ അടിഞ്ഞ് നദിയുടെ ആഴവും കുറഞ്ഞു.
കോസ് വേ കടക്കാനാകാതെ വരുന്നതോടെ ചികിത്സയും കുട്ടികളുടെ പഠന സൗകര്യവും മുടങ്ങും. കുട്ടികൾക്ക് മറുകര കടന്നെങ്കിൽ മാത്രമേ സ്‌കൂളിൽ പോകാൻ കഴിയൂ. രാവിലെ മഴയാണെങ്കിൽ അവരെ രക്ഷിതാക്കൾ സ്‌കൂളിലേക്ക് അയ്ക്കില്ല. വൈകുന്നേരത്തോടെ കോസ് വേ മുങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. കുട്ടികൾ വീടുകളിലുള്ളപ്പോൾ അവരുടെ സുരക്ഷ കണക്കിലെടുത്ത് രക്ഷിതാക്കൾക്ക് ജോലിക്കു പോകാനും കഴിയാത്ത സ്ഥിതിയുണ്ട്.
പെരുന്തേനരുവി ഡാമിൽ ഷട്ടറുകളില്ലാത്തതിനാൽ നിറയുന്ന വെള്ളം കവിഞ്ഞൊഴുകി പോകുന്നതിനുള്ള സംവിധാനമാണുള്ളത്. ഡാം കവിയുമ്പോൾ മാത്രമാണ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിലും വെള്ളം എത്തുന്നത്.
പമ്പാനദിയിൽ ജലനിരപ്പുയർന്ന് കുരുമ്പൻമൂഴി കോസ് വേ മുങ്ങി ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്നതോടെ പ്രദേശവാസികൾ പുറംലോകവുമായി ഒറ്റപ്പെടുകയാണ്. ആരോഗ്യ കേന്ദ്രം, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോസ് വേ കടക്കാനാകാതെ വരുന്നതോടെ ചികിത്സയും കുട്ടികളുടെ പഠന സൗകര്യവും മുടങ്ങും.
പുതിയ പാലം
നടപടിയില്ല
കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിൽ ആറ് മാസം മുൻപേ ജനവാസം തുടങ്ങിയതാണ്. പമ്പാനദി കടന്ന് മുമ്പ് മറുകരയെത്തിയിരുന്നത് വള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു. പിന്നീട് ജനകീയ പങ്കാളിത്തത്തോടെയാണ് കോസ് വേ നിർമിച്ചത്. കോസ്‌വേ വന്നപ്പോൾ ഗ്രാമവാസികൾ ഏറെ സന്തോഷിച്ചു. തൊട്ടു താഴെയായി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിൽ തടയണ നിർമിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. പിന്നാലെ കോസ് വേ മുങ്ങുന്നതു പതിവായി. മുങ്ങിയാൽ പിന്നെ വെള്ളം ഇറങ്ങാൻ ദിവസങ്ങൾ എടുക്കും. 2018ലെ പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണലും വൻതോതിൽ കോസ് വേയ്ക്കും തടയണയ്ക്കും ഇടയിൽ അടിഞ്ഞു കൂടി. ഇതോടെ സ്വാഭാവിക ജലമൊഴുക്ക് തടസപ്പെടുകയാണ്. ഇതുമൂലം ചെറിയ മഴ പെയ്താൽ പോലും നദിയിലെ ജലനിരപ്പ് ഉയർന്ന് കോസ് വേ വെള്ളത്തിലാകുകയാണ്. നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം കുരുമ്പൻമൂഴി, മണക്കയം നിവാസികളെ വലയ്ക്കുകയാണ്. ഏതു സമയവും കോസ് വേ മുങ്ങുമെന്ന സ്ഥിതിയാണ്. ഇതോടെ പുറത്തേക്കുള്ള യാത്ര പൂർണമായും തടസപ്പെടും. വെള്ളം ഉയരുന്ന സമയത്ത് കൊടുംവനത്തിലൂടെ കിലോമീറ്റർ സഞ്ചരിച്ച് പെരുന്തേനരുവി ഭാഗത്തെ റോഡിൽ എത്തുക എന്നതും വലിയ ദുഷ്‌കരമാണ്.
കുരുമ്പൻമൂഴിയിൽ കോസ് വേയ്ക്കു പകരം പാലമെന്ന പ്രഖ്യാപനം വന്നിട്ട് ഒരു വർഷം കഴിഞ്ഞു. പമ്പാനദിക്കു കുറുകെ നിലവിൽ കോസ് വേ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉയരത്തിൽ സുരക്ഷിതമായ നടപ്പാലം നിർമിക്കാമെന്നാണ് സ്ഥലത്തെത്തിയ അന്നത്തെ പട്ടികജാതി വികസന മന്ത്രി കെ. രാധാകൃഷ്ണൻ പ്രദേശവാസികൾക്ക് ഉറപ്പു നൽകിയത്. ഇതു നടപ്പാക്കാൻ വൈകുന്നത് വലിയൊരു വിഭാഗം ജനങ്ങളോടുളള അവഗണനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |