കൊച്ചി: ഹയർ സെക്കൻഡറിയിലെ കോർ വിഷയങ്ങൾ നാലിൽ നിന്ന് മൂന്നാക്കാനും പഠനമാദ്ധ്യമം ഇംഗ്ളീഷിൽ നിന്ന് മലയാളമാക്കാനുമുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ദേശീയ മത്സരപ്പരീക്ഷകളിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നാക്കം പോകാൻ ഇടയാക്കുമെന്ന് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ആശങ്ക.
പ്ളസ് ടുവിന് ശേഷം നീറ്റ്, ജെ.ഇ.ഇ, കേന്ദ്ര സർവകലാശാലകൾ, ദേശീയസ്ഥാപനങ്ങൾ എന്നിവയുടെ പ്രവേശനപ്പരീക്ഷ എഴുതുന്നവരാണ് മലയാളികൾ. വിഷയങ്ങളുടെ എണ്ണം കുറയ്ക്കുന്നത് മത്സരപ്പരീക്ഷകളിൽ കേരള സിലബസുകാരെ പിന്നിലാക്കിയേക്കും. വിദേശ വിദ്യാഭ്യാസ അവസരങ്ങളെയും ബാധിച്ചേക്കാം. കഴിഞ്ഞ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് )യുടെ സ്കോറിൽ കേന്ദ്ര സിലബസുകാരെക്കാൾ 27 മാർക്കിന് പിന്നിലായിരുന്നു കേരള സിലബസുകാർ.
ഹയർ സെക്കൻഡറിയിൽ എൻ.സി.ഇ.ആർ.ടി സിലബസായതും പഠനമാദ്ധ്യമം ഇംഗ്ലീഷ് ആയതുമാണ് പത്തിന് ശേഷം കേന്ദ്രസിലബസ് വിദ്യാർത്ഥികളിൽ പലരും കേരള സിലബസിലേക്ക് വരാൻ കാരണം. വിഷയങ്ങൾ ചുരുക്കുമ്പോൾ കുട്ടികൾ കേന്ദ്ര സിലബസിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കാനുമിടയുണ്ട്.
റിപ്പോർട്ടിലെ
ശുപാർശകൾ
# 11, 12 ക്ളാസുകളിൽ നാല് കോർ വിഷയങ്ങളെന്നത് മൂന്നാക്കാൻ കഴിയുമോയെന്ന് ആലോചിക്കണം. ഭാഷകൾക്ക് പുറമെയുള്ള നാല് വിഷയങ്ങൾ കുട്ടികൾക്ക് ഭാരമുണ്ടാക്കുന്നു.
# പഠന മാദ്ധ്യമം മാതൃഭാഷയാക്കുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കാൻ കുട്ടികൾക്ക് കഴിയുംവിധം ഇതര ഭാഷാപഠനം കൂടുതൽ മെച്ചപ്പെടുത്തണം.
''പൊതുവിദ്യാഭ്യാസത്തിന്റെ ആകർഷണീയത ഇല്ലാതാക്കുകയും ഹയർ സെക്കൻഡറിയെ അക്കാഡമികമായി തകർക്കുകയും ചെയ്യുന്ന അശാസ്ത്രീയ നിർദ്ദേശങ്ങൾ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല.""
-അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്കൂൾ
ടീച്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |