ധാക്ക: സർക്കാർ ജോലി ക്വാട്ട സംവരണ നിയമത്തിനെതിരെ ബംഗ്ളാദേശിൽ ആരംഭിച്ച കലാപം ഷേക് ഹസീന പുറത്തുപോയിട്ടും അടങ്ങുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ കലാപകാരികൾ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. ബംഗ്ളാദേശിലെ പ്രശസ്‌ത ഹിന്ദു നാടോടി ഗായകൻ രാഹുൽ അനന്ദയുടെ വീട് അക്രമിസംഘം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്‌തു. അക്രമി സംഘത്തിന്റെ പിടിയിൽ പെടാതിരിക്കാൻ രാഹുൽ ഭാര്യയോടും മകനോടുമൊപ്പം വീടുവിട്ട് പോയി എന്നാണ് വിവരം.
ബംഗ്ളാദേശിലെ പ്രശസ്‌ത നാടോടി ഗാന ബാൻഡായ ജോളെർ ഗാനിന്റെ സ്ഥാപകനാണ് രാഹുൽ അനന്ദ. ധാക്കയിലെ ധൻമോണ്ടി 32ലെ രാഹുലിന്റെ വസതിയാണ് തകർത്തത്. 'വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. ഒരുകൂട്ടം അക്രമികൾ രാഹുൽ ദായുടെ വീട് ആക്രമിച്ചു. രാഹുൽ ദാ, ശകുന്തള ദി, മകൻ ടോട്ട മറ്റ് കുടുംബാംഗങ്ങൾ എന്നിവർ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.' രാഹുലിന്റെ സുഹൃത്തായ സൈഫുൾ ഇസ്ളാം ജർനൽ പറഞ്ഞു.
2023ൽ ഫ്രഞ്ച് പ്രസിഡന്റ് രാഹുലിന്റെ വീട് സന്ദർശിച്ചിരുന്നു. ഗായകന്റെ വീട് കൊള്ളയടിച്ച അക്രമികൾ 3000ത്തോളം സംഗീത ഉപകരണങ്ങളും തട്ടിയെടുത്തു. ഷേക് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നിരവധി നേതാക്കൾ രാജ്യത്ത് വധിക്കപ്പെട്ടു. രാജ്യത്തെ ആകെ 17 കോടി ജനസംഖ്യയിൽ എട്ട് ശതമാനത്തോളം ഹിന്ദുക്കളാണ്. ഇവരിൽ ഭൂരിഭാഗവും ഷേക് ഹസീനയുടെ പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ഇതാണ് ഹിന്ദുക്കളോട് ആക്രമണം വർദ്ധിക്കാനും ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |