തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കേരളത്തെ വിമർശിക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൻകിട പദ്ധതികൾക്ക് കണ്ണും മൂക്കുമില്ലാതെ അനുമതി നൽകാനായി വനം, പരിസ്ഥിതി നിയമങ്ങളെ കാറ്റിൽപറത്തുന്ന ബി.ജെ.പി സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത്.
20,000 ക്യുബിക് മീറ്റർ ആഴത്തിൽ മണ്ണെടുക്കാനും മലയിടിക്കാനും പരിസ്ഥിതി വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കരട് വിജ്ഞാപന മിറക്കിയ മന്ത്രാലയത്തിന്റെ അധിപനാണ് കേരളത്തെപ്പറ്റി കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്.
സുപ്രീം കോടതിയുടെ നിർദേശങ്ങളെപോലും മാനിക്കാതെയാണ് ബി.ജെ.പി സർക്കാർ പരിസ്ഥിതി വിനാശത്തിന് പച്ചക്കൊടി കാട്ടുന്നത്. ഹിമാലയ സാനുക്കളിലും നികോബാർ ദ്വീപ് സമൂഹത്തിലും കോർപ്പറേറ്റ് കൊള്ളക്കാർക്കു എന്തും ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ബി.ജെ.പി സർക്കാർ. പരിസ്ഥിതിയോടും മനുഷ്യരോടും തെല്ലെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കുകയാണ് ബി.ജെ.പി സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |