തിരുവനന്തപുരം: 2018ലാണ് ചൈനയിലെ ഷെൻസെങ് മാതൃകയിൽ കേരളത്തിനുള്ള വളർച്ചാകേന്ദ്രമെന്ന് ബഡ്ജറ്റിൽ വിശേഷിപ്പിച്ച തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് നിർമ്മാണപദ്ധതി രൂപീകരിച്ചത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ദേശീയപാത 66, എം.സി റോഡ്, സംസ്ഥാന പാതകൾ എന്നിവയെ ബന്ധിപ്പിച്ച് 62.7 കിലോമീറ്റർ നീളത്തിലും 45മീറ്റർ വീതിയിലും നാലുവരിപ്പാത, സർവീസ് റോഡ് എന്നിവ നിർമ്മിക്കാനാണ് പദ്ധതി.
281.8 ഹെക്ടർ ഭൂമി ഏറ്രെടുക്കേണ്ടി വരും. വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, പൂവച്ചൽ, അരുവിക്കര, കരകുളം, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം എന്നീ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ചരക്കുനീക്കവും വേഗത്തിലാകും. നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും.
പരിസ്ഥിതി സൗഹൃദമായ ഗ്രീൻഫീൽഡ് അലൈൻമെന്റാണ് ഔട്ടർ റിംഗ് റോഡിന്റേത്. നിർമ്മാണത്തിനുശേഷം രണ്ടാംഘട്ടമായി സമീപത്ത് ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണിക്കുന്നുണ്ട്. പ്രത്യേക നിക്ഷേപമേഖലയായി വിഭാവനം ചെയ്യുന്ന ഗ്രോത്ത് കോറിഡോർ, റിംഗ് റോഡിന്റെ ഇരുവശങ്ങളിലും വികസിപ്പിക്കും. ബിസിനസ് പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഈ മേഖലയിൽ ഐ.ടി, ഉത്പാദനം, വിപണനം, മറ്റ് വ്യാവസായിക യൂണിറ്റുകൾ എന്നിവയ്ക്കായി അതിർത്തി നിർണയിക്കപ്പെട്ട മേഖലകൾ ഉണ്ടായിരിക്കും. ഏകദേശം 1,500ഏക്കർ ഭൂമി ആവശ്യമായി വരുന്ന പദ്ധതിയിൽ വേങ്കോട് മുതൽ മംഗലപുരം വരെയുള്ള ലിങ്ക് റോഡും ഉൾപ്പെടും. ഔട്ടർ റിംഗ് റോഡിന്റെ തുടർച്ചയായി കടമ്പാട്ടുകോണത്ത് നിന്നാരംഭിക്കുന്ന കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത കൂടി യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കം ഉൾപ്പെടെ കൂടുതൽ സുഗമമാകും.
കേന്ദ്ര ആവശ്യം അംഗീകരിച്ച് സംസ്ഥാനം
ദേശീയപാത നിലവാരത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രഉപരിതല ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിർമ്മാണത്തിന് ദേശീയപാത അതോറിട്ടിയെ നിശ്ചയിച്ച കേന്ദ്രം, സംസ്ഥാനം കൂടുതൽ പങ്കാളിത്തം വഹിക്കണമെന്ന് തിരിച്ച് ആവശ്യപ്പെട്ടു. സർവീസ് റോഡ് ദേശീയപാത അതോറിട്ടി നിർമ്മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം സംസ്ഥാന പങ്കാളിത്തത്തിന് വീണ്ടും നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രത്യേക പാക്കേജ് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |