SignIn
Kerala Kaumudi Online
Tuesday, 19 November 2024 6.18 PM IST

മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികൾ കരുതൽ തടങ്കലിൽ, നിയമം ക‌ർശനമായി നടപ്പാക്കാൻ സർക്കാ‌ർ

Increase Font Size Decrease Font Size Print Page
arrest

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കിലിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലെ ആദ്യത്തെ പ്രതിയെയാണ് ഇപ്പോൾ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. ഇതിന് പുറമേ ആറ് പ്രതികളുടെ കരുതൽ തടങ്കൽ അപേക്ഷ കൂടി വിവിധ തലത്തിലെ പരിഗണനയിലുണ്ട്. ജില്ലകളിൽ കൂടുതൽ പ്രതികളുടെ പട്ടിക തയ്യാറാക്കുകയുമാണ്. എക്സൈസ് ശുപാർശ ചെയ്യുന്ന കേസുകൾ, നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് കരുതൽ തടങ്കൽ ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതൽ തടങ്കലിന് ഉത്തരവിടുന്നത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കും. കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്ജസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയവുമായിരിക്കും.

കോട്ടയം ജില്ലയിലെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് എരുമേലി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത NDPS ക്രൈം 34/2020 മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയായിരുന്നു പ്രതി. ഈ സമയത്ത് പാലായിൽ വച്ച് ബംഗളൂരിൽ നിന്നും കൊണ്ടുവന്ന രാസലഹരികളുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ പിടികൂടുകയായിരുന്നു. ഈ കേസിൽ (NDPS ക്രൈം 45/2023) റിമാൻഡിൽ കഴിയവേയാണ് എക്സൈസ് വകുപ്പ് കരുതൽ തടങ്കലിനുള്ള അപേക്ഷ സമർപ്പിച്ചത്.

മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാകുന്നവരേയും മയക്കുമരുന്ന് വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തടയാൻ വേണ്ടിയാണ് കരുതൽ തടങ്കലിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലഹരിമരുന്ന് നിരോധന നിയമം (Prevention of Illicit Traffic in Narcotic Drug and Psychotropic substances (PITNDPS) സെക്ഷൻ 2(ഇ) പ്രകാരം ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നവരെയും, ഇവരുടെ പ്രവർത്തനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ധനസഹായമോ പിന്തുണയോ സംരക്ഷണമോ ചെയ്യുന്നവരെയും രണ്ടു വർഷം വരെ ഈ നിയമം അനുസരിച്ച് കരുതൽ തടങ്കലിൽ വയ്ക്കാനാവും. മയക്കുമരുന്ന് വ്യാപനത്തിന്റെയും ഉപഭോഗത്തിന്റെയും വ്യാപ്തി കുറയ്ക്കുന്നതിന് ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചത്.

മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളാണ് എക്സൈസ് സേന സ്വീകരിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ വർഷം ഇതുവരെ 41.42 കോടി രൂപയുടെ മയക്കുമരുന്നാണ് എക്സൈസ് സേന പിടികൂടിയത്. 4446 കേസുകളിലായി 4420 പേരെ പ്രതിചേർത്തിട്ടുണ്ട്. 232 വാഹനങ്ങളും പിടികൂടി. 2694 കിലോ കഞ്ചാവ്, 583.99 ഗ്രാം ഹെറോയിൻ, 202.13 ഗ്രാം ബ്രൌൺ ഷുഗർ, 23.53 ഗ്രാം ഹാഷിഷ്, 3065.2 ഗ്രാം എംഡിഎംഎ, 3045.75 ഗ്രാം മെത്താഫെറ്റമിൻ, 5591 ഗ്രാം ഹാഷിഷ് ഓയിൽ തുടങ്ങിയവയെല്ലാം എക്സൈസ് പിടികൂടിയിട്ടുണ്ട്. ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമായി എക്സൈസ് സേന മുന്നോട്ടുപോവുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

TAGS: GANJACASE, KERALA, LAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.