ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അവിവാഹിതയായ ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞിന്റെ അമ്മ. കാമുകൻ തകഴി വിരിപ്പാല രണ്ട് പാറയിൽ തോമസ് ജോസഫ് (24) ഇയാളുടെ സുഹൃത്ത് ആലപ്പുഴ തകഴി കുന്നുമ്മ ഭവനത്തിൽ അശോക് ജോസഫ് (23) എന്നിവരാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.
ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനിയാണ് യുവതി. കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ വീട്ടിൽവച്ചായിരുന്നു യുവതിയുടെ പ്രസവം. തുടർന്ന് കുഞ്ഞിനെ വീടിന്റെ സൺഷേഡിൽ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ആക്കിയിരിക്കുകയാണെന്നും കള്ളം പറഞ്ഞു. മാത്രമല്ല ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായിട്ടായിരുന്നു മറുപടി നൽകിയത്. ഇതുകേട്ട് സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.
യുവതിയും പൊലീസ് കസ്റ്റഡിയിലാണ്. വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുഞ്ഞിനെ കുഴിച്ചിടാമെന്ന് നിർദേശിച്ചത് ആൺസുഹൃത്താണെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സുഹൃത്തും പിടിയിലായത്. കുഞ്ഞിനെ കുഴിച്ചുമൂടിയെന്ന് പ്രതികൾ പറഞ്ഞ സ്ഥലത്ത് ഉടൻ പരിശോധന നടത്തും. മൃതദേഹം ലഭിച്ചാൽ അധികം വൈകാതെ തന്നെ പോസ്റ്റ്‌മോർട്ടമടക്കമുള്ള തുടർനടപടികളിലേക്ക് കടന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |