അമ്പലപ്പുഴ: കപ്പലിൽ നിന്ന് കാണാതായ മകനെയോർത്ത് മനമുരുകി കഴിയുന്ന ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നടൻ അശോകൻ എത്തി. ഒഡീഷയിൽ നിന്ന് സിംഗപ്പൂർ വഴി ചൈനയിലേക്ക് പോയ ചരക്കുകപ്പലിലെ ട്രെയിനിയായിരുന്ന വിഷ്ണുവിനെ (25) 17ന് രാത്രിയിലാണ് കടലിൽ കാണാതായത്. വിഷ്ണുണുവിന്റെ പിതാവ് ബാബു തിരുമലയും അശോകനും 45 വർഷം മുമ്പ് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്.
കഴിഞ്ഞ ഡിസംബർ അവസാനം നടന്ന പൂർവ്വ വിദ്യാത്ഥി കൂട്ടായ്‌മയിൽ വിഷ്ണുവുമായും അച്ഛൻ ബാബു തിരുമലയുമായും ഒരുമിച്ച് തന്റെ കാറിൽ യാത്ര ചെയ്ത കാര്യം അശോകൻ ഓർത്തെടുത്തു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അശോകൻ, പുന്നപ്ര പറവൂരിലെത്തി തന്റെ പ്രിയ സുഹൃത്തിനെ ആശ്വസിപ്പിച്ചശേഷം ഏറെ സങ്കടത്തോടെയാണ് മടങ്ങിയത്.
ചരക്കുകപ്പലിൽ നിന്ന് മലേഷ്യൻ കടലിൽ കാണാതായ പുന്നപ്ര പത്താം വാർഡിൽ വൃന്ദാവനം വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണു ബാബുവിനായുള്ള അന്വേഷണത്തിനോ തെരച്ചിലിനോ മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ഇന്തോനേഷ്യൻ- മലേഷ്യൻ സർക്കാരുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും സമർപ്പിച്ച അപേക്ഷകളിൽ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് വിഷ്ണുബാബുവിന്റെ പിതാവ് ബാബു പറഞ്ഞു. കേന്ദ്ര മന്ത്രിമാർ മുതൽ ജില്ലാ പൊലീസ് മേധാവിവരെയുള്ളവർക്ക് സമർപ്പിച്ച അപേക്ഷകളിലാണ് നടപടി ഉണ്ടാകാത്തതെന്ന് റിട്ട.ലീഗൽ മെട്രോളജി ജീവനക്കാരൻ കൂടിയായ ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |