ഇടുക്കി: തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. തുടർന്ന് കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിച്ച് നഗരസഭ ചെയർപഴ്സനായി. മുസ്ലീം ലീഗ് പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഇതാണ് തർക്കങ്ങൾക്ക് ഇടയാക്കിയതെന്നാണ് സൂചന. കൗൺസിലിൽ 13 പേരുടെ അംഗബലം യുഡിഎഫിന് ഉണ്ടായിരുന്നു. പക്ഷേ മുസ്ലിം ലീഗുമായി സമവായത്തിലെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. തുടർന്ന് മുസ്ലിം ലീഗും സ്ഥാനാർത്ഥിയെ നിർത്തി.
കോൺഗ്രസിൽ നിന്ന് കെ ദീപക്കും മുസ്ലിം ലീഗിൽ നിന്ന് എം എ കരീമുമാണ് മത്സരിച്ചത്. രണ്ടാം റൗണ്ടിലെ വോട്ടെടുപ്പിലാണ് ലീഗ് കൗൺസിലർമാരായ അഞ്ച് പേർ എൽഡിഎഫിന് വോട്ട് ചെയ്യുന്നത്. ഒരു കൗൺസിലർ യുഡിഎഫിനും വോട്ട് ചെയ്തു. എൽഡിഎഫ് ജയിച്ചെങ്കിലും പാർട്ടിക്കുള്ളിലും ചില ഭിന്നതകൾ ഉണ്ടായിരുന്നു. എൽഡിഎഫിന്റെ ഒരു കൗൺസിലർ യുഡിഎഫിനാണ് വോട്ട് ചെയ്തത്.
ചതിയൻ ചന്തുവിന്റെ നിലപാടാണ് ലീഗ് എടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. ലീഗ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു. ബിജെപി ഭരണം പിടിക്കാതിരിക്കാൻ വേണ്ടിയാണ് എൽഡിഎഫിന് വോട്ട് ചെയ്തതെന്നാണ് ലീഗ് പറയുന്നത്. കെെക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവച്ചതിനാലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |