നിയന്ത്രണങ്ങൾ ആവശ്യമാണ്. പക്ഷേ അധികമായാൽ അതും വിഷമാകും. പലപ്പോഴും കർശനമായ നിയന്ത്രണ വ്യവസ്ഥകൾ ചാകരയായി മാറുന്നത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കാണ്. നിയമത്തിന്റെ വഴിയിലൂടെ തന്നെ എല്ലാം നേടാൻ ഇറങ്ങിത്തിരിക്കുന്ന സാധാരണ പൗരൻ നിയന്ത്രണങ്ങളിൽ കുരുങ്ങി വലയുകയും ചെയ്യും. ഇന്ത്യയുടെ വികസനം സ്തംഭിച്ചുനിന്ന തൊണ്ണൂറുകളിൽ ലൈസൻസ് രാജ് ഇല്ലാതാക്കിയതാണ് നരസിംഹറാവു സർക്കാർ ചെയ്ത ഏറ്റവും വലിയ പരിഷ്‌കാര നടപടി. സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും മുന്നിൽ പല കടുത്ത സർക്കാർ വ്യവസ്ഥകളും വഴിമാറുമ്പോൾ, അത് തടസമാകുന്നത് സാധാരണക്കാർക്കാണ് എന്ന ബോധത്തോടെയും പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയും വേണം ഏതു കാര്യത്തിനുമുള്ള വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും രൂപം നൽകേണ്ടത്.
ഇതു മനസ്സിലാക്കി ഇടതു സർക്കാർ കെട്ടിട നിർമ്മാണ ചട്ടത്തിലെ വ്യവസ്ഥകളിൽ വരുത്തിയ ഇളവുകൾ തികച്ചും സ്വാഗതാർഹമാണ്. ഇതിൽ ഏറ്റവും പ്രധാനം കെട്ടിട നിർമ്മാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടുന്നതാണ്. ഇലക്‌ഷൻ കഴിഞ്ഞതിനു പിന്നാലെ പെർമിറ്റിനുള്ള ഫീസ് വർദ്ധനവ് സർക്കാർ പിൻവലിച്ചിരുന്നു. നിർമ്മാണ പെർമിറ്റിനും മറ്റുമുള്ള ഫീസ് പല മടങ്ങായി ഉയർത്തിയപ്പോൾത്തന്നെ മാദ്ധ്യമങ്ങളിലും മറ്റും ശക്തമായ പ്രതിഷേധമുയർന്നെങ്കിലും സർക്കാർ പിന്മാറിയില്ല. പിന്നീട് ഇലക്‌ഷനിൽ നേരിട്ട തിരിച്ചടി വേണ്ടിവന്നു, സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ. എന്തായാലും തെറ്റായ തീരുമാനങ്ങൾ വൈകിയായാലും തിരുത്തപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. കഷ്ടകാലത്തിനാണ് ഒരാൾ വീടുവയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നത് എന്നൊരു വിശ്വാസം തന്നെ നാട്ടിൽ നിലവിലുണ്ട്. കെട്ടിടം പൂർത്തിയാക്കി ടി.സി കിട്ടുന്നതുവരെ കഷ്ടകാലം തലയ്ക്കു മുകളിൽ കറങ്ങിനിൽക്കുന്നതാണ് പലരുടെയും അനുഭവം.
നിലവിലുള്ള വ്യവസ്ഥ പ്രകാരം അഞ്ച് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ പെർമിറ്റ് അസാധുവാകുമായിരുന്നു. ഇത് 15 വർഷമായി നീട്ടിയതു മൂലം പലർക്കും പെർമിറ്റ് നേടിയതിനു ശേഷം സാവധാനം വീട് നിർമ്മാണത്തിന്റെ പദ്ധതി ആസൂത്രണം ചെയ്യാൻ സമയം ലഭിക്കും. അതുപോലെ, കെട്ടിടമുള്ള പ്ളോട്ടിൽത്തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്തി. ഈ വ്യവസ്ഥ കാരണം നഗരത്തിന്റെ കണ്ണായ സ്ഥലത്തു പോലും വിസ്‌തൃതി കുറഞ്ഞ പ്ളോട്ട് ഉള്ളവർക്ക് കടകളും മറ്റും നിർമ്മിക്കുന്നതിന് കഴിയില്ലായിരുന്നു. ഇപ്പോൾ 200 മീറ്ററിനുള്ളിൽ കെട്ടിടം ഉടമയുടെ പേരിൽ സ്ഥലമുണ്ടെങ്കിൽ അവിടെ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയാൽ മതി. 25 ശതമാനം പാർക്കിംഗ് കെട്ടിടമുള്ള പ്ളോട്ടിലും ബാക്കി 75 ശതമാനം സമീപ പ്ളോട്ടിലും ആകാമെന്നാണ് പുതിയ വ്യവസ്ഥ. മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിട്ടുള്ളത്.
വില്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അനധികൃതമായി ആർജ്ജിക്കൽ തുടങ്ങിയതുപോലെ ഏതെങ്കിലും കാരണത്താൽ പ്ളോട്ടിന്റ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാക്കുന്നതാണ് നിലവിലെ രീതി. ഇത്തരം സാഹചര്യങ്ങളിലും ചട്ടലംഘനം ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതുപോലെ, ഹരിതകർമ്മസേനയുടെ ഫീസ് സർക്കാർ നിശ്ചയിച്ച് നൽകാനുള്ള തീരുമാനവും ഇക്കാര്യത്തിൽ നിലവിലുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇടയാക്കുന്നതാണ്. വിവിധ തരം മാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. ഓൺലൈൻ അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കേണ്ടതാണെന്നും നിർദ്ദേശം നൽകും. പുതുക്കിയ ഇളവുകളും നിർദ്ദേശങ്ങളും വൈകാതെ തന്നെ നടപ്പിൽ വരുത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |