ഷിരൂർ: മലയാളിയായ ലോറി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവലി പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി. ടാങ്കറിന്റെ കാബിന്റെ ഭാഗമാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. നേവിയുടെ തെരച്ചിലിലാണ് ലോഹഭാഗം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തന്റെ ലോറിയുടേതല്ല ഈ ലോഹഭാഗമെന്നാണ് അർജുന്റെ ലോറി ഉടമ മനാഫ് പ്രതികരിച്ചത്.
പത്തിലേറെ തവണയാണ് മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാണെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.
പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈല്ലും പറഞ്ഞു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ല. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നാണ് എംഎൽഎമാർ പറയുന്നത്.
തെരച്ചിലിൽ ഇതുവരെ ശുഭ സൂചനങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഉച്ചകഴിഞ്ഞും തെരച്ചിൽ തുടരും. നാളെ തെരച്ചിൽ ഉണ്ടാവില്ല. മറ്റന്നാള്‍ പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |