ഇന്ത്യയുടെ സൗന്ദര്യ സംരക്ഷണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കവുമായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഒരു കരാറിലൊപ്പിട്ടിരിക്കുകയാണ് ഇഷയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇതുവഴി പ്രശസ്ത ഇറ്റാലിയൻ കോസ്‌മെറ്റിക് ബ്രാൻഡായ കിക്കോ മിലാനോയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഇഷ. ഈ തന്ത്രപരമായ കരാർ ഇഷയുടെ നേതൃത്വത്തിൽ റിലയൻസ് റീട്ടെയിലിന് ഒരു പുതിയ നാഴികക്കല്ലായിട്ടാണ് അടയാളപ്പെടുത്തുന്നത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കിക്കോ മിലാനോയുമായി കരാറിലെത്തിയത്.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബയ്, പൂനെ, ലഖ്നൗ എന്നിവയുൾപ്പെടെ ആറ് പ്രധാന നഗരങ്ങളിൽ സ്റ്റോറുകൾ തുറക്കാനാണ് പദ്ധതി. കിക്കോ മിലാനോ എന്ന ഇറ്റാലിയൻ ബ്രാൻഡ് 1997ലാണ് ആരംഭിച്ചത്. 1,200ലധികം സൗന്ദര്യചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇവർക്കുള്ളത്.
റിലയൻസ് റീട്ടെയിലിന്റെ ചുമതല ഏറ്റെടുത്തതു മുതൽ, കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കാണ് ഇഷ വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് അതിവേഗം വളരുന്ന മേഖല കൂടിയാണ് സൗന്ദര്യ മേഖല. ഈ കരാറിലൂടെ ടാറ്റയുടെ ലാക്ക്‌മേ, നൈക്ക പോലുള്ള ഭീമൻമാരെ വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് ഇഷ. കിക്കോ മിലാനോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിലൂടെ, സൗന്ദര്യ മേഖലയിൽ റിലയൻസ് റീട്ടെയിലിന് വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |