ആലപ്പുഴ: നഗരസസഭാ പരിധിയിലെ തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പ് അവസാനിച്ചു. എഴുപത് ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്. 52 വാർഡുകളിലായി 1048 തെരുവുനായ്ക്കൾക്കാണ് ഒരാഴ്ച കൊണ്ട് കുത്തിവയ്പ്പെടുത്തത്. നഗരത്തിൽ മാത്രം 1295 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. എല്ലാ നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഇരുന്നൂറിലധികം നായ്ക്കളെ നടപടിക്ക് വിധേയമാക്കത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. വരും ദിവസങ്ങളിലും നായ പിടുത്തക്കാരുടെ സേവനം ഉറപ്പുവരുത്തി വാക്സിനേഷൻ നൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജീവൻ പന്താടരുത്
നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള കേന്ദ്രം ഇനിയും സജ്ജമാകാത്തതിനാൽ, പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുക മാത്രമാണ് നിലവിൽ പ്രായോഗിക പ്രതിരോധം. എന്നിട്ടും എഴുപത് ശതമാനം നായ്ക്കൾക്ക് വാക്സിൻ നൽകിയാൽ പദ്ധതി വിജയിക്കുമെന്ന വിശദീകരണത്തിന്റെ പുറത്ത് നൂറ് കണക്കിന് നായ്ക്കളെ പ്രതിരോധത്തിൽ നിന്ന് പുറന്തള്ളുന്ന സമീപത്തിനെതിരെയാണ് വിമർശനം ഉയരുന്നത്. നഗരത്തിന് പുറത്ത് നിന്നെത്തുന്ന നായ്ക്കളെ കണ്ടെത്തി അവയ്ക്കും വാക്സിൻ ഉറപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, കൂട്ടമായി തമ്പടിക്കുന്ന തെരുവുനായ്ക്കൾ മറ്റു പ്രദേശങ്ങളിൽ നിന്ന് നഗരത്തിലേക്ക് കടന്നുകയറില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിശദീകരണം.
നഗരത്തിൽ
തെരുവുനായ്ക്കൾ : 1295
കുത്തിവയ്പ്പെടുത്തത് : 1048
തെരുവുനായ്ക്കളിൽ എഴുപത് ശതമാനത്തിന് വാക്സിൻ നൽകിയാൽ പ്രതിരോധ പ്രവർത്തനം വിജയിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. ഇത് പ്രകാരമാണ് താൽക്കാലികമായി വാക്സിനേഷൻ പ്രക്രിയ നിർത്തിയിരിക്കുന്നത്
കെ.പി.വർഗ്ഗീസ്, ഹെൽത്ത് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |