#കേരള ഗ്രാമീൺ ബാങ്ക്
പരസ്യമായി ഖേദം പ്രകടിപ്പിച്ചു
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ച കേരള ഗ്രാമീൺ ബാങ്കിനെതിരെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ വ്യാപക പ്രതിഷേധം. യുവജന സംഘടനകൾ ബാങ്കിന്റെ കൽപ്പറ്റ റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ മണിക്കൂറുകളോളം ബാങ്ക് ഉപരോധിച്ചു. തുക തിരികെ നൽകിയാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു സംഘടനകൾ. ദുരന്തബാധിതരോട് പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടു. തുടക്കത്തിൽ നിലപാടിൽ ഉറച്ചുനിന്ന ബാങ്ക് അധികൃതർ ഒടുവിൽ മുട്ടുമടക്കി.
ചീഫ് മാനേജർ എൽ.കെ ലീസൺ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ക്ഷമാപണം നടത്തി. ഈ മാസം 26നകം പിടിച്ചെടുത്ത ഇ.എം.ഐ തുക തിരികെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാമെന്ന് ഉറപ്പുനൽകി. ഇതോടെ സമരം അവസാനിപ്പിച്ചു.
രാവിലെ ഏഴുമണിയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരം തുടങ്ങി. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രകടനമായി എത്തി. കുറച്ച് അകലെ കുത്തിയിരിപ്പ് സമരം തുടങ്ങി.
യൂത്ത് ലീഗ് പ്രവർത്തകർ കെട്ടിടത്തിന്റെ പിൻഭാഗത്തെ പൊലീസ് വലയം മറികടന്ന് ഉള്ളിലേക്ക് കയറി.
തുക തിരികെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ബാങ്ക് അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും മൂന്നുപേർക്ക് മാത്രമാണ് ലഭിച്ചത്. ഇതോടെ പ്രതിഷേധം ശക്തമായി. പൊലീസ് മദ്ധ്യസ്ഥതയിൽ നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു. പണം തിരികെ നിക്ഷേപിക്കാമെന്ന് സമ്മതിച്ചെങ്കിലും ക്ഷമാപണത്തിന് തയ്യാറായില്ല. കൂടുതൽ പ്രവർത്തകർ ബാങ്കിൽ കയറിയതോടെ ക്ഷമാപണം നടത്തി. സമരത്തിന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ .റഫീഖ്, ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ,യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി .ഇസ്മയിൽ, ജില്ലാ പ്രസിഡന്റ് എം.പി .നവാസ്, ജില്ലാ ജനറൽ സെക്രട്ടറി സി .എച്ച് .ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |