സർവ്വരും ഭയന്നു പിന്മാറിയിടത്ത് സ്കൂളിന് ഭീഷണിയായി നിന്ന തേനീച്ചക്കൂട് നീക്കി അദ്ധ്യാപികയും ഭർത്താവും
പയ്യന്നൂർ: രാമന്തളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കണക്കുടീച്ചറായ ടി.കെ.പ്രഭാവതിയ്ക്ക് വീരപരിവേഷമാണിപ്പോൾ നാട്ടിലും സ്കൂളിലും. യു.പി.ക്ലാസുകളും ലാബും പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ കൂടുകൂട്ടിയ അപകടകാരികളായ പെരുംതേനീച്ചകളെ തുരുത്തുന്ന ദൗത്യത്തിൽ നിന്ന് എല്ലാവരും പേടിച്ചുപിന്മാറിയപ്പോൾ ഒഴിവുദിനത്തിൽ ഹെൽമെറ്റും ഗ്ളൗസുമടക്കം മുൻകരുതലുമായി ഭർത്താവുമൊത്ത് വന്ന് തേനീച്ചകളെ കൂടുപൊട്ടിച്ച് ഒഴിവാക്കിയാണ് ഈ അൻപത്തിരണ്ടുകാരി വീരനായികയായത്.
കുരങ്ങുകളുടെ വിഹാരകേന്ദ്രമായതിനാൽ ഏതുനിമിഷവും തേനീച്ചകൾ പ്രകോപിതരാകുമെന്ന ഭയത്തിലായിരുന്നു സ്കൂളിൽ ഇതുവരെ ക്ളാസ് നടന്നിരുന്നത്. പലരോടും സഹായം തേടിയിട്ടും ഫലമുണ്ടായില്ല.ആയിരം രൂപ പ്രതിഫലം ചോദിച്ചെത്തിയയാളും ഒടുവിൽ ജീവഭയത്താൽ പിന്മാറിയിടത്താണ് കുട്ടികളുടെ സുരക്ഷ കണക്കാക്കി ടീച്ചർ രണ്ടും കല്പിച്ചിറങ്ങിയത്.
ഒഴിവുദിനമായ ഞായറാഴ്ചയായിരുന്നു ടീച്ചറും റിട്ട: റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടായ ഭർത്താവ് കെ.എ.വിനോദും തേനീച്ചക്കൂട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയത്. അതും തേനീച്ചകളെല്ലാം കൂടടയുന്ന സന്ധ്യനേരത്തോടെ. കോട്ടും ബൂട്ടും ഹെൽമറ്റും ഗ്ലൗസുമണിഞ്ഞ് ഏഴ് മണിക്ക് ശേഷം സ്കൂളിലെത്തിയ ടീച്ചർ താഴെ പുകയിട്ട ശേഷം കൂട് കുത്തി പൊളിച്ചുമാറ്റിയാണ് ഭീഷണി ഒഴിവാക്കിയത്. തേനീച്ചകളുടെ ജീവൻ നഷ്ടപ്പെടാതെയായിരുന്നു കൂട് പൊളിച്ചുമാറ്റിയതെന്നതും ശ്രദ്ധേയം. രാമന്തളി പഞ്ചായത്ത് ഓഫീസിനടുത്ത് ശാസ്താവ് കോട്ടത്തിന് സമീപത്താണ് ടീച്ചറുടെയും കുടുംബത്തിന്റെ താമസം. കൃഷിയും കന്നുകാലി വളർത്തലുമെല്ലാമായി പ്രകൃതിയോടിണങ്ങിയാണ് ഇവരുടെ ജീവിതം.
തേനീച്ചകളെ നശിപ്പിക്കാൻ മനസ്സ് വന്നില്ല, അവയും ജീവനാണല്ലോ. അവക്ക് വേണമെങ്കിൽ ഇനിയും വേറെ എവിടെയെങ്കിലും കൂട് വെക്കാമല്ലോ. .പുകയിട്ടാൽ തേനീച്ചകളെ ഓടിക്കാമെന്ന് യൂ ട്യൂബിൽ നിന്നാണ് മനസ്സിലാക്കിയത്. വീട്ടിൽ നിന്നുള്ള കൃഷി അനുഭവങ്ങളും സഹായകരമായി- ടി.കെ.പ്രഭാവതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |