പത്തനംതിട്ട : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയനിലെ ശാഖകളുടെ സംയുക്ത ഘോഷയാത്ര ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ പീതാംബരധാരികളായ പതിനായിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാനിർഭരമായ ഘോഷയാത്രയാണ് നടക്കുക. സെൻട്രൽ ജംഗ്ഷനും സെന്റ് പീറ്റേഴ്സ് ജംഗ്ഷനും കടന്ന് കളക്ടറേറ്റിനു സമീപമുള്ള ഗുരുക്ഷേത്രത്തിൽ ഘോഷയാത്ര എത്തുമ്പോൾ വയനാട് ദുരന്തത്തിന്റെ സ്മരണയായി സർവമത പ്രാർത്ഥന നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഓരോ ശ്രീനാരായണീയരും കാണിക്കയായി സമർപ്പിക്കുന്നതുക ശാഖാ ഭാരവാഹികൾ യൂണിയനിൽ ഏൽപ്പിക്കും.
വൈകിട്ട് 4ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ (ശ്രീനാരായണ നഗർ) നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റണി എം.പി, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പൊലീസ് ചീഫ് വി.അജിത്, മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ എന്നിവർ പ്രസംഗിക്കും.
ഘോഷയാത്രയ്ക്ക് മുന്നോടിയായി നഗരം പീതപതാകകൾ കൊണ്ട് അലങ്കരിച്ചു. വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, എംപ്ലോയിസ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ ഘോഷയാത്രയുടെ അന്തിമ ക്രമീകരണങ്ങൾ നടത്തി. യൂണിയൻ ഭാരവാഹികളായ ജി.സോമനാഥൻ, പി.സലിം കുമാർ, പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, എസ്.സജിനാഥ്, കെ.ആർ.സലീ ലനാഥ്, ഷീലാ രവി, സരളാ പുരുഷോത്തമൻ, ഗോകുൽ കൃഷ്ണ, ആനന്ദ് പി.രാജ്, ശ്രീജു സദൻ, സജീവ് സി.കെ, സുധീപ്,സുധീഷ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഘോഷയാത്ര നിയന്ത്രിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |