ഗുരുവായൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ പിറന്നാളായ ഇന്നത്തെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി ഗുരുപവനപുരി ഒരുങ്ങി. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് സൗകര്യവുമൊരുക്കി. പൊതുവരി നിൽക്കുന്ന ഭക്തരുടെ ദർശനത്തിനാണ് മുൻഗണന. വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ 4 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറു വരെയും മാത്രമാണ്. ഉച്ചയ്ക്കുശേഷം രണ്ടുവരെ ശയന പ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
രാവിലെ ഏഴിനും ഉച്ചയ്ക്കു ശേഷം മൂന്നിനും നടക്കുന്ന കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളത്തിനും ഗുരുവായൂരപ്പന്റെ എഴുന്നെള്ളത്ത് വിശിഷ്ട സ്വർണക്കോലത്തിലാണ്. എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസം ഉൾപ്പെടെയുള്ള വിശേഷാൽ വിഭവങ്ങളാണ് വിളമ്പുക. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിക്കും.
അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴ പൂജയ്ക്ക് നിവേദിക്കും. 7.25 ലക്ഷം രൂപയുടെ അപ്പമാണ് തയ്യാറാക്കുന്നത്. 44,000 ത്തോളം നെയ്യപ്പമാണ് നിവേദിക്കുക. അത്താഴപ്പൂജയ്ക്കുശേഷം അപ്പം വിതരണം ചെയ്യും.
ഇന്ന് ജന്മാഷ്ടമി
തിരുവനന്തപുരം; ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ഇന്ന് ആഘോഷിക്കും.
ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസമാണ് ജന്മാഷ്ടമി . ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മഹാവിഷ്ണു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും ഇന്നുണ്ടാകും. ഉറിയടി , ഘോഷയാത്ര എന്നിവയും നടക്കും. ഗുരുവായൂർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്ന് വലിയ ഭക്തജനതിരക്കുണ്ടാകും.പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്നാണ്. ജന്മാഷ്ടമി ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത്.അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതിനായിരത്തോളം ശോഭായാത്രകൾ സംസ്ഥാനത്ത് നടക്കും.
ഗവ. ആശുപത്രികളുടെ വികസനം:
69.35 കോടിയുടെ
പദ്ധതികൾക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ദേശീയ ആരോഗ്യ ദൗത്യം മുഖേന നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്ക് 69.35 ലക്ഷം രൂപയുടെ നിർമ്മാണ അനുമതി. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും
ഉപയോഗിച്ചുള്ളതാണ് പദ്ധതികളെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 50 കിടക്കകളുള്ള മാതൃ ശിശു മന്ദിരം പണിയുന്നതിനായി 6.16 കോടിയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ വെയർഹൗസുകൾ നിർമ്മിക്കുന്നതിന് 4.70 കോടിയും വീതം വകയിരുത്തി. കാസർകോട് ടാറ്റ ആശുപത്രിയിൽ പുതിയ ഒപി, ഐപി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയിൽ സ്കിൽ ലാബ്, ട്രെയിനിംഗ് സെന്റർ എന്നിവയ്ക്കായി 3.33 കോടി, എറണാകുളം ജില്ലയിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഒ.പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാൻ 3.87 കോടി .
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താൻ 3 കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ 3 കോടി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് വാർഡ്, വയനാട് വൈത്തിരി ആശുപത്രിയിൽ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താൻ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് 2.09 കോടി, കണ്ണൂർ പഴയങ്ങാടി ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്റർ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനേയും അംഗീകാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |