കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ഇരിങ്ങൽ സർഗാലയിൽ കൈത്തറി പൈതൃകോത്സവം ''സർഗാടെക്സിന് ഇന്ന് തുടക്കമാകും. പ്രദർശന വിപണന മേള, ഹാൻഡ്ലൂം ബിസിനസ് ടു ബിസിനസ് മീറ്റ്, ഹാൻഡ്ലൂം ഫാഷൻ ഷോ, കേരള ഹാൻഡ്ലൂം ക്വീൻ, ഓൺലെെൻ വീഡിയോ റീൽ മത്സരം തുടങ്ങിയവ സർഗാടെക്സിന്റെ ഭാഗമാകും. ഭാരത് സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഡിസൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് എക്‌സ്പോ. ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുതിൽ തീർത്ത മനോഹരമായ എംബ്രോയിഡറി ദുപ്പട്ടകൾ വരെയുള്ള കൈത്തറി വസ്ത്രങ്ങൾ ആസ്വദിക്കാനും വാങ്ങാനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
17ൽപ്പരം സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന കൈത്തറി തുണിത്തരങ്ങളാണ് മേളയുടെ പ്രത്യേകത. ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ഹരിയാന, ജമ്മു കാശ്മീർ, തമിഴ്നാട്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി ഉത്പാദകരും സർഗാലയിൽ എത്തും. ബാലരാമപുരം, കൂത്താമ്പുള്ളി, പെരുവെമ്പ്, എന്നീ കൈത്തറി ഗ്രാമങ്ങളിൽ നിന്നുള്ള സാരികൾ, കേരളത്തിലെ പ്രമുഖ കൈത്തറി സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി സർഗാലയ കഫ്റ്റീരിയയിൽ കേരള സദ്യയും വിവിധ തരം കേരളീയ ഭക്ഷ്യവിഭവങ്ങളും സജ്ജമാണ്.
നാലിന് കാനത്തിൽ ജമീല എം.എൽ.എ മേള ഉദ്‌ഘാടനം ചെയ്യും. സന്ദർശകർക്കായ് 2023ൽ ഏർപ്പെടുത്തിയ സമ്മാന പദ്ധതി കൂപ്പണുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം റൂറൽ ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ് ഉദ്ഘാടനം ചെയ്തു. 10000 രൂപ വരുന്ന ഉത്പന്നങ്ങൾ വിജയികൾക്ക് മേളയോടനുബന്ധിച്ച വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ സർഗാലയ ജനറൽ മാനേജർ ടി. കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം. ടി. സുരേഷ് ബാബു, ക്രാഫ്റ്റ് ഡിസൈനർ കെ. കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |