പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു സംഭവം തേങ്ങി! 1993 കാലം. ഒരു സ്വകാര്യ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരായ ഞാനും ഡോ. ചൊക്കലിംഗവും അടുത്തടുത്ത ബാച്ചിലർ ക്വാർട്ടേഴ്സിൽ താമസിക്കുന്നു. അവധിയെടുത്ത് ഒരു ഞായറാഴ്ച ഞാൻ തൊട്ടടുത്തു തന്നെയുള്ള നാട്ടിൽ പോയി. അന്നുതന്നെ ഒരു സിനിമയും കണ്ട്, രാത്രി ആശുപത്രിയിൽ കയറാതെ നേരെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തി.
രാത്രി രണ്ടുമണി. ഞാൻ ഗാഢനിദ്രയിൽ. എന്റെ ക്വാർട്ടേഴ്സിലെ വാതിലിൽ ഒരു മുട്ട്. 'ഹേമ കമ്മിറ്റി" മുട്ടല്ല! വാതിൽ തുറന്നു നോക്കിയപ്പോൾ അടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോ. ചൊക്കലിംഗം! ''എന്നമോ പോലെയിറിക്ക് ബോസ് ! എനക്ക് ചെസ്റ്റ് പെയിൻ മാതിരി!"" അണ്ണാച്ചി ഒരു മൂഡോഫ് മട്ടിൽ പറഞ്ഞു. പരിഭ്രമമില്ല!
''നമുക്ക് ഒരു ഇ.സി.ജി. എടുത്തു നോക്കാം... കുഴപ്പമുണ്ടെങ്കിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ പോകാം."" ഞാൻ നിർദ്ദേശിച്ചു.
''വേണ്ട ഡാക്ടർ! നീ കൊഞ്ചം എൻകിട്ടെ ഉക്കാന്താ പോതും. വാങ്കോ എൻ റൂമുക്ക്..."" ഡോ. ചൊക്കലിംഗത്തിന്റെ മുറിയിലേക്ക് ഞാൻ പോയതും അയാൾ കിടക്കയിൽ കിടന്നു. ഞാൻ പൾസ്, ബി.പി. പരിശോധിച്ചു. എല്ലാം പക്കാ നോർമൽ! എനിക്ക് എന്തോ അസ്വസ്ഥത തോന്നി.
''നെഞ്ചുവേദനയെന്നു പറഞ്ഞിട്ട് വെറുതെ ഒന്നും ചെയ്യാതിരുന്നാൽ എങ്ങനെയാ?"" ഞാൻ ചോദിച്ചു. കട്ടിലിൽ കിടന്നുകൊണ്ട് ഡോ. ചൊക്കലിംഗം പറഞ്ഞു: ''ഇപ്പോ കൊഞ്ചം പറവായില്ലെ. തൂങ്കിയിട്ടാ പോയിടും."" അയാളുടെ ആത്മവിശ്വാസം കൂടുന്നതായി തോന്നി. അയാൾ എന്നോട് വിശേഷങ്ങൾ പറയാൻ ആവശ്യപ്പെട്ടു. പിന്നെ ഒരു തമാശ മൂഡിലായി. എന്റെ ഉറക്കവും കെടുത്തി ഇയാൾ എന്താ ഇങ്ങനെ പെരുമാറുന്നതെന്ന് ഇന്നച്ചൻ സ്റ്റെെലിൽ ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.
കുറച്ചുകഴിഞ്ഞ് അയാളുടെ കൂർക്കംവലി കേട്ടപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് ക്വാർട്ടേഴ്സിലേക്ക് രക്ഷപ്പെട്ടു. പതിവിനു വിരുദ്ധമായ ചൊക്കലിംഗത്തിന്റെ പെരുമാറ്റത്തിൽ അപാകത തോന്നിയ ഞാൻ ഉറങ്ങാതെ ആലോചനയിൽ അൽപ്പം കിടന്നപ്പോൾ ഒന്നന്വേഷിക്കാമെന്നു കരുതി എഴുന്നേറ്റു. അപ്പോഴേക്കും നേരം പുലർന്നുതുടങ്ങിയിരുന്നു. നേരെ ആശുപത്രിയിലേക്കു ചെന്നു. വീട്ടിൽ പോയിട്ട് തലേ രാത്രി ഞാൻ ക്വാർട്ടേഴ്സിലെത്തിയ വിവരം സ്റ്റാഫ് ആരും അറിഞ്ഞിരുന്നില്ല. അതു നന്നായി. അന്നു രാവിലെ എത്തിയതുപോലെ ഞാൻ അഭിനയിച്ചു.
ആദ്യം കണ്ട ക്ലീനിംഗ് സ്റ്റാഫ് സരോജിനിയോട് ഞാൻ ചോദിച്ചു: ''ഡോ. ചൊക്കലിംഗം നടക്കാനിറങ്ങിയോ?""
''ഇല്ലല്ലോ... ഇന്നലെ സിനിമയ്ക്കു പോയി ലേറ്റായിട്ടാ വന്നത്..."" എന്നിലെ മനശ്ശാസ്ത്രജ്ഞൻ ഉണർന്നു. ടൗണിൽ ഒരേയൊരു തീയേറ്റർ മാത്രമേയുള്ളൂ. അവിടെ ഓടുന്നത് 'മണിച്ചിത്രത്താഴ്!" പിടികിട്ടിപ്പോയി. അണ്ണാച്ചി "മണിച്ചിത്രത്താഴു" കണ്ട് പേടിച്ചിട്ടാണ് എന്നെ കൂട്ടുകിടക്കാൻ വിളിച്ചത് ! 'ഉറക്കമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ..." എന്ന് തമിഴിൽ വിനയപുരസ്സരം അഭ്യർത്ഥിച്ചത് ചുമ്മാതല്ല ! പെരിയ പുത്തിശാലി!
നാഗവല്ലിയെ കണ്ട പേടി മാറ്റാൻ എന്റെ ഉറക്കം കുളമാക്കിയ ചൊക്കലിംഗം ചൊക്കനെപ്പോലെ സുഖമായി കിടന്നുറങ്ങുന്ന രംഗം ഓർത്തപ്പോൾ എനിക്കൊരു 'എന്തരാലിറ്റി" പോലെ! അതുംപോരാഞ്ഞ്, ഒരു തമിഴൻ ഒരു മലയാളിയെ ഈ ഭൂമി മലയാളത്തിൽ വച്ചുതന്നെ പറ്റിക്കുന്നത് ഒരു വൻ അഭിമാനപ്രശ്നമായി ഇതിനകം ഞാനെടുക്കുകയും ചെയ്തു. നേരെ ഡോ. ചൊക്കലിംഗത്തിനെ ക്വാർട്ടേഴ്സിൽപോയി തട്ടി വിളിച്ചുണർത്തി. ഒന്നുമറിയാത്തതുപോലെ ഞാൻ ചോദിച്ചു:
''എന്താ ചൊക്കാ എണീക്കാത്തേ; ഏഴുമണി കഴിഞ്ഞല്ലോ..."" ഉന്മേഷത്തോടെ ചിരിച്ചുകൊണ്ട് ഉണർന്ന ചൊക്കലിംഗം പറഞ്ഞു: ''താങ്ക്യു ബോസ്... നേത്ത് രാത്തിരി നീങ്ക വന്തതിനാലേ എനക്ക് നല്ല തൂക്കം കെടച്ചത്. റൊമ്പ നൻട്രി!"" അപ്പോൾ ഞാനെന്റെ പാശുപതാസ്ത്രമങ്ങെടുത്തു!: ''ഞാൻ വന്നെന്നോ... എപ്പോൾ? വീട്ടിൽനിന്ന് ഞാൻ ഇന്നു രാവിലെ എത്തിയതല്ലേയുള്ളൂ...""
പ്രതീക്ഷിച്ചതു പോലെ ചൊക്കലിംഗം വിരണ്ടു: ''അപ്പോ... നേത്ത് വന്തത് യാര്?"" ഒന്നുമറിയാത്തതു പോലെ ഞാൻ മിണ്ടാതെ നിന്നു.
''അയ്യോ... കടവുളേ, നേത്ത് വന്തത് യാര്? സൊല്ലടാ മച്ചാ...."" വളരെ ഗൗരവത്തോടെ ഞാൻ പറഞ്ഞു: ''നാഗവല്ലിയായിരിക്കും.""
ചൊക്കലിംഗം പേടിച്ചുവിറച്ച് കട്ടിലിലേക്കു ചാഞ്ഞു! 'പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ...." അപ്പോൾ റേഡിയോയിലൂടെ കേൾക്കാമായിരുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |