പൊതുവേ നമ്മളറിയുന്ന സാമൂഹ്യ പ്രവർത്തനം രാഷ്ട്രീയക്കാരുടെ പൊതുപ്രവർത്തനമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ രാഷട്രസേവനവും തന്നെ. എന്നുവച്ച് ഇന്നത്തെ രാഷ്ട്രീയക്കാരുടെ എല്ലാ സാമൂഹ്യ സേവനത്തെയും ഇതേ അളവുകോലുകൊണ്ട് അളക്കുന്നത് മൗഢ്യമാകും. ലഭേച്ഛയില്ലാതെ സാമൂഹ്യ പ്രവർത്തനം ചെയ്യാൻ ഇന്ന് ആളെക്കിട്ടുക പ്രയാസം. കുറ്റവാളികൾക്ക് അവരുടെ മാനസാന്തരത്തിന് കമ്മ്യൂണിറ്റി സർവീസ് അഥവാ സാമൂഹ്യ സേവനം ഏറക്കുറെ പ്രയോജനപ്രദമാണെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ഭാഗമെന്നോണം നിയമപരമായ നിർവചനങ്ങളും തത്വങ്ങളും നടപടിക്രമങ്ങളും പുനർനിർവചിക്കുന്നു.
ശിക്ഷയുടെ ഒരു രൂപമെന്ന നിലയിലിൽ കുറ്റവാളികളെക്കൊണ്ട് സമൂഹത്തിന്റെ പ്രയോജനത്തിനായി ശമ്പളമില്ലാത്ത ജോലി ചെയ്യിക്കുന്ന കമ്മ്യൂണിറ്റി സേവനം ഭാരതീയ ന്യായ സംഹിത (2023) നമുക്കു മുന്നിൽ വയ്ക്കുകയാണ്.സെക്ഷൻ 4 (എഫ്)ചരിത്രത്തിലാദ്യമായി ചില ശിക്ഷകൾക്ക് കമ്മ്യൂണിറ്റി സേവനം നിർബന്ധമാക്കിയിരിക്കുന്നു. ഐ.പി.സിയിൽ ഈ ശിക്ഷ ഉണ്ടായിരുന്നില്ല, കഴിഞ്ഞ ഡിസംബർ 25-നാണ് രാജ്യത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിനു (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത (ആകെ 358 വകുപ്പുകൾ) അവതരിപ്പിച്ചത്. അതിലെ നാലാം വകുപ്പിൽ ആറ് ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതിൽ ആറാമത്തേതാണ് കുറ്റവാളികൾ നിർബന്ധമായി സാമൂഹ്യ സേവനം ചെയ്യേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
വകുപ്പുകളും
ശിക്ഷയും
1. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 202 അനുസരിച്ച് പൊതുസേവകർ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൾ അയാൾ പൊതുസേവനം അനുഷ്ഠിക്കേണ്ടതായുണ്ട്. ഒരു വർഷത്തെ ലളിതമായ തടവ് അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും ചേർന്ന് എന്നതാണ് ശിക്ഷാ വ്യവസ്ഥ. അതായത്, മുഖ്യമന്ത്രി തന്നെയായാലും നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെട്ടാൽ സാമൂഹ്യ സേവനത്തിന് അയയ്ക്കപ്പെടുമെന്ന് വ്യക്തം.
2. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷൻ 84 പ്രകാരമുള്ള സമൻസിന് കോടതിയിൽ ഹാജരാകുന്നതിൽ പരാജയപ്പെട്ടാൽ സെക്ഷൻ 209 അനുസരിച്ച് അയാളും സാമൂഹ്യ സേവനത്തിന് അയയ്ക്കപ്പെടും.
3. സെക്ഷൻ 226 അനുസരിച്ച് നിയമാനുസൃതമായ അധികാരം വിനിയോഗിക്കാൻ നിർബന്ധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ആയി ആത്മഹത്യയ്ക്ക് ശ്രമം നടത്തുന്നത് കുറ്റകരമാണ്. അയാൾ നിബന്ധിത സാമൂഹ്യ സേവനത്തിന് വിധേയനാകേണ്ടിവരും. അതായത്, ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഡോക്ടറെയോ വില്ലേജ് ഓഫീസറെയോ നിർബന്ധിച്ച് സേവനം നൽകാൻ ഭീഷണിപ്പെടുത്തിയാൽ കുറ്റമാകും. ഈ കുറ്റത്തിന് ഒരു വർഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ അല്ലെങ്കിൽ സാമൂഹ്യ സേവനമോ വിധിക്കാം.
4, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 303(2) പ്രകാരം അയ്യായിരം രൂപയിൽ താഴെ മൂല്യമുള്ള മോഷണത്തിന് ആദ്യ കുറ്റവാളിയുടെ കാര്യത്തിൽ, സ്വത്തിന്റെ മൂല്യം തിരികെ നൽകുമ്പോഴോ അല്ലെങ്കിൽ അത് പുനഃസ്ഥാപിക്കുമ്പോഴോ മോഷണത്തിനുള്ള ശിക്ഷയ്ക്കു പുറമേ അയാൾ സാമൂഹ്യ സേവനത്തിനും നിർബന്ധിതനാകും. ഈ കുറ്റത്തിന് ഒരുവർഷം മുതൽ അഞ്ചുവർഷം വരെ നീണ്ടേക്കാവുന്ന കഠിന തടവാണ് ശിക്ഷയായി പറഞ്ഞിട്ടുള്ളത്.
5. 'കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം" എന്ന് നമ്മൾ തമാശയായി പറയാറുണ്ട്. സെക്ഷൻ 355 പ്രകാരം, മദ്യപിച്ച ഒരാൾ പൊതുസ്ഥലത്തു നടത്തുന്ന മോശം പെരുമാറ്റത്തിന് നിയമം അനുശാസിക്കുന്ന ശിക്ഷ 24 മണിക്കൂർ ലളിതമായ തടവ്, അല്ലെങ്കിൽ ആയിരം രൂപ പിഴ, അല്ലെങ്കിൽ സാമൂഹ്യ സേവനം.
6. സെക്ഷൻ 356 (2) പ്രകാരം അപകീർത്തിപ്പെടുത്തൽ എന്ന തെറ്റായ പരാതി നൽകിയാൽ രണ്ടു വർഷത്തെ ലളിതമായ തടവ് അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും എന്നതാണ് ശിക്ഷ. അതുമല്ലെങ്കിൽകമ്മ്യൂണിറ്റി സേവനമാണ് ശിക്ഷ. കമ്മ്യൂണിറ്റി സേവനം എന്ന പദം ഭാരതീയ ന്യായ സംഹിതയിൽ നിർവചിച്ചിട്ടില്ല. 23-ാം വകുപ്പിന്റെ വിശദീകരണം പറയുന്നത്, സമൂഹത്തിനു പ്രയോജനപ്പെടുന്ന ഒരു ശിക്ഷാരീതിയായി കുറ്റവാളിയോട് കോടതി ഉത്തരവിട്ടേക്കാവുന്ന ജോലി എന്നാണ്. അതിന് പ്രതിഫലത്തിന് അർഹതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |