രാജ്യത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം സുപ്രീംകോടതി മുതൽ മുൻസിഫ് കോടതി വരെ 4.45 കോടിയിൽപ്പരമാണെന്ന കണക്ക് നാഷണൽ ജുഡിഷ്യൽ ഡേറ്റ ഗ്രിഡ് പുറത്തുവിട്ടിരിക്കുന്നു. സ്‌ത്രീകൾ പരാതിക്കാരായ 36 ലക്ഷത്തിൽപ്പരം കേസുകൾ ഉൾപ്പെടെയാണിത്. സുപ്രീംകോടതിയിൽ മാത്രം തീർപ്പാകാനുള്ളത് 83,000 കേസുകളാണ്.
കേരളത്തിൽ 18 ലക്ഷം കേസുകളാണ് തീർപ്പാവാനുള്ളത്. ഇതിൽ രണ്ടര ലക്ഷത്തിലേറെ കേസുകൾ ഹൈക്കോടതിയിലാണ്. സംസ്ഥാനത്ത് സ്‌ത്രീകൾ നൽകിയ 1,88,687 കേസുകളിൽ തീർപ്പായിട്ടില്ല. അവയിൽ 54,347 ക്രിമിനൽ കേസുകളും ഉൾപ്പെടുന്നു.
ഇതിനു പുറമെ ഓരോ വർഷവും ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണവും കൂടിവരികയാണ്. അപ്പീൽ സംവിധാനമുള്ള പല തട്ടുകളിൽ പ്രവർത്തിക്കുന്ന സങ്കീർണമായ നിയമ സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ സംവിധാനത്തിൽ വേണ്ടത്ര പരിഷ്‌കാരങ്ങൾ ഇനിയും വന്നിട്ടില്ല എന്നതാണ് കേസുകൾ അനന്തമായി നീളാൻ കാരണം.
പൊലീസ് ചാർജ് ചെയ്യുന്ന പെറ്റി കേസുകൾ വരെ താഴ്‌ന്ന കോടതികളുടെ മുമ്പാകെയാണ് ഇപ്പോഴും എത്തുന്നത്. ഇത് ഒഴിവാക്കി അത്തരം കേസുകൾ പരിഗണിക്കാൻ മറ്റൊരു സമിതിയെ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ചാൽ തന്നെ കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകും. ഒരു കേസ് തുടങ്ങിയാൽ ഇത്ര നാളിനകം അതിൽ തീർപ്പുണ്ടാകണമെന്ന് നിയമ വ്യവസ്ഥയിൽ പറഞ്ഞിട്ടില്ല. 1950ലെ ആർമി ആക്ടിൽ ഒരു കേസ് തുടങ്ങിയാൽ തീർപ്പാവുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 1948ലെ ഫാക്ടറീസ് ആക്ടിലും സമാനമായ വ്യവസ്ഥയുണ്ട്. എന്നാൽ പൊതുസ്വഭാവമുള്ള മറ്റ് കേസുകളിൽ അങ്ങനെയൊരു നിബന്ധനയില്ല. ഒരു കേസ് തുടങ്ങിയാൽ എന്ന് തീരുമെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പോലും പറയാനാകില്ല. പോക്‌സോ പോലുള്ള പ്രത്യേക കോടതികൾ സ്ഥാപിച്ചത് ഗുരുതരമായ ആരോപണങ്ങളിൽ എത്രയും വേഗം തീർപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
വിചാരണ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും മികവുറ്റ പ്രവർത്തനം ഉണ്ടായില്ലെങ്കിൽ അനന്തമായി നീണ്ടുപോകാം. കോടതി മാത്രം വിചാരിച്ചതുകൊണ്ട് കേസുകൾ തീർപ്പാക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്.
ഒരു കേസ് നീട്ടിവയ്‌ക്കുന്നതിന് യാതൊരു പരിധിയുമില്ല. വാദിയുടെയും പ്രതിയുടെയും വക്കീലന്മാർ കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നതിൽ പിന്നോട്ടല്ല. ഇന്ത്യൻ ജുഡിഷ്യറിയുടെ മുൻനിര കോടതികൾ ഒഴിച്ചുള്ളവയിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നിഴലിച്ച് നിൽക്കുന്നുണ്ട്. ഇതിൽ മാറ്റം വരണം. അതിന് പണം ചെലവഴിക്കേണ്ട സർക്കാർ പലപ്പോഴും അമാന്തം കാണിക്കുന്നതാണ് നിലവിലുള്ള പതിവ്. അതുപോലെ തന്നെ ഇന്ത്യൻ ജുഡിഷ്യറിയിൽ ജഡ്‌ജിമാരുടെ കുറവ് സമയാസമയങ്ങളിൽ പരിഹരിക്കപ്പെടാറില്ല. ജഡ്‌ജിമാരുടെ എണ്ണം ഇപ്പോഴുള്ളത് ഇരുപതിനായിരത്തിൽപ്പരം മാത്രമാണ്. ഇത് കുറഞ്ഞത് 50,000 ആയി എങ്കിലും ഉയർത്തേണ്ടതാണ്. അതുപോലെ സിവിൽ സർവീസുകാരെ കണ്ടെത്തുന്നതുപോലെ ജഡ്‌ജിമാരെ കണ്ടെത്താൻ നാഷണൽ ജുഡിഷ്യൽ കമ്മിഷൻ നിയമിക്കണമെന്ന ആവശ്യം പലവിധ എതിർപ്പുകൾ മൂലം നടന്നിട്ടില്ല.
വക്കീലന്മാരെ സംബന്ധിച്ച് കേസ് എത്രനാൾ നീളുന്നുവോ അത്രയും നാൾ അവർക്ക് വരുമാനം ലഭിക്കാൻ സാദ്ധ്യത ഉള്ളതിനാൽ അവരും ഉത്സാഹം കാണിക്കാറില്ല. ആധുനിക ടെക്‌നോളജിയുടെ സാദ്ധ്യതകൾ പ്രായോഗികമായി ഉപയോഗപ്പെടുത്തിയാൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള വഴികൾ തുറന്നുവരും. ആ വഴിക്കും സത്വരമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല.
ജുഡിഷ്യറിയും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ കാരണം ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്‌ജിമാരുടെ നിയമനം പോലും സമയത്ത് നടക്കാറില്ല. കേസുകൾ അനന്തമായി നീണ്ടുപോകുന്നത് ആത്യന്തികമായി ജുഡിഷ്യറിയിലുള്ള വിശ്വാസം സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെടാൻ ഇടയാക്കുമെന്നതിനാൽ ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ഭരണാധികാരികൾ തയാറാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |