ഒക്ടോബർ 15, 16 തീയതികളിൽ ഇസ്ളാമബാദിൽ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനാ യോഗത്തിൽ പങ്കെടുക്കാനുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. 2016ൽ പത്താൻകോട്ടും ഉറിയിലും പാക് ഭീകരർ നടത്തിയ ആക്രമണത്തിനുശേഷം പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം അങ്ങേയറ്റം തകർന്ന നിലയിലാണ്. ഇന്ത്യയെ പകയോടും ശത്രുതയോടും കാണുന്ന പാകിസ്ഥാനുമായി ഊഷ്‌മളമായ ഒരു നയതന്ത്ര ബന്ധം അത്ര എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം. ഒക്ടോബറിലെ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിക്കുള്ള ക്ഷണം പല കാരണങ്ങളാലും ഇന്ത്യയ്ക്ക് അസ്വീകാര്യമാവുന്നതിൽ അത്ഭുതമില്ല. ജമ്മുകാശ്‌മീരിൽ തുടരെയുണ്ടാകുന്ന പാക് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ളാമബാദിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. സൗഹൃദവും നല്ല അയൽ ബന്ധവും ആഗ്രഹിക്കാത്ത പാകിസ്ഥാനുമായി ഒരുവിധ ചർച്ചകളും വേണ്ടെന്നതാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാനിൽ വച്ച് 2016-നു ശേഷം നടന്നിട്ടുള്ള ഒരു അന്താരാഷ്ട്ര ഉന്നതതല സമ്മേളനത്തിലും ഇന്ത്യ പങ്കെടുക്കാതിരുന്നതും ഇക്കാരണത്താലാണ്. ഒക്ടോബറിലെ ഇസ്ളാമബാദ് സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ 2016-നു ശേഷം കൂടുതൽ വഷളായിട്ടേയുള്ളൂ. അതിർത്തികളിൽ ഇപ്പോഴും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റവും ജമ്മുകാശ്‌മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളും പാകിസ്ഥാന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യാ വിരോധം കഴിയുന്നത്ര മൂർച്ഛിപ്പിച്ചു നിലനിറുത്തുന്നതിനാണ് എല്ലാക്കാലത്തും പാക് ഭരണാധികാരികൾ ശ്രമിച്ചിട്ടുള്ളത്. അവസരം ലഭിക്കുമ്പോഴെല്ലാം അതിർത്തി വഴി ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടുന്നതിലും വിധ്വംസക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും അവർ ജാഗരൂകരാണ്. സാമ്പത്തികമായി വളരെയധികം തകർന്നുനിൽക്കുന്ന പാകിസ്ഥാനെ സഹായിക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സദാ മുന്നോട്ടുവരാറുണ്ട്. ഇന്ത്യാ വിരുദ്ധത കഴിയുന്നത്ര കത്തിച്ചുനിറുത്താനുള്ള പ്രേരണ ഇതിന്റെ ഭാഗമാണ്.
കാരക്കോറം ഹൈവേ നിർമ്മാണത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ കരാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ചൈനയ്ക്ക് നൽകിയത് കഴിഞ്ഞ ദിവസമാണ്. രണ്ടു ബില്യൻ ഡോളറിന്റെ കരാറാണിത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന കാരക്കോറം ഹൈവേയ്ക്കു വേണ്ടി എന്തു സഹായം നൽകാനും ചൈന സന്നദ്ധമാണ്. പാകിസ്ഥാനു മാത്രമല്ല, ഇന്ത്യയുടെ മറ്റ് അയൽ രാജ്യങ്ങളെയും വൻതോതിൽ നിക്ഷേപം നൽകി സഹായിക്കുക എന്നതാണ് ചൈനയുടെ തന്ത്രം. കാരക്കോറം ഹൈവേയുടെ കുറെ ഭാഗങ്ങൾ പുതിയ അണക്കെട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കുമ്പോൾ വെള്ളത്തിനടിയിലാകുമെന്നതിനാലാണ് പുതിയ റോഡ് നിർമ്മാണം വേണ്ടിവരുന്നത്.
നല്ല അയൽക്കാരുണ്ടാകുക എന്നത് ഏതൊരു രാജ്യത്തിനും സന്തോഷമുള്ള കാര്യമാണ്. നിർഭാഗ്യവശാൽ രൂപീകരണ കാലം മുതലേ പാകിസ്ഥാൻ ഇന്ത്യയെ ശത്രുവായി കരുതുന്നു. മുക്കാൽ നൂറ്റാണ്ടിനിടയിൽ മൂന്നു വലിയ യുദ്ധങ്ങൾക്കും അവർ തയ്യാറായി. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും ശത്രുതാമനോഭാവം വെടിയാനോ സൗഹൃദത്തിന്റെ അന്തരീക്ഷം സ്ഥാപിക്കാനോ പാകിസ്ഥാൻ തയ്യാറായിട്ടില്ല. അതിർത്തികളിലെ കുത്തിത്തിരിപ്പുകളിലൂടെ ഇന്ത്യയ്ക്ക് സദാ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു. ഭീകരരെ രഹസ്യമായി കടത്തിവിട്ട് ജമ്മുകാശ്‌മീരിൽ കൂട്ടക്കൊലകൾ സൃഷ്ടിക്കുന്നു. സമാധാനവും സംയമനവും എന്ന നിലപാട് ബലഹീനതയായി കരുതരുതെന്ന് മുന്നറിയിപ്പുകൾ നൽകി ഇന്ത്യ സർവ്വസജ്ജമായി നിലകൊള്ളുന്നു. രാജ്യപുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി മാറ്റിവയ്ക്കേണ്ട കോടിക്കണക്കിന് രൂപയാണ് പ്രതിരോധം ശക്തിപ്പെടുത്താനായി രണ്ടു രാജ്യങ്ങളും മുടക്കിക്കൊണ്ടിരിക്കുന്നത്. സമാധാനവും സൗഹൃദവും നിലനിറുത്തിയിരുന്നെങ്കിൽ ഈ പ്രതിരോധച്ചെലവ് എത്രയോ കുറയ്ക്കാനാകുമായിരുന്നു.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യാ വിരുദ്ധതയാണ് അവരുടെ നിലനിൽപ്പിന് ആധാരം. സേനാ നിയന്ത്രണത്തിൽ നിന്ന് പാകിസ്ഥാൻ പൂർണമായി മോചിതമാകുന്ന കാലത്തല്ലാതെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |