മല്ലപ്പള്ളി : മല്ലപ്പള്ളി - കല്ലൂപ്പാറ - തിരുവല്ല റോഡിൽ കൊല്ലമലപ്പടിക്കും കല്ലൂപ്പാറയ്ക്കും ഇടയിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 57 പേർക്ക് പരിക്കേറ്റു. കാലിനും കൈയ്ക്കും മൂക്കിനുമാണ് ഭൂരിഭാഗം യാത്രക്കാർക്കും പരിക്ക്. തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസുകളാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. നാട്ടുകാരും കീഴ് വായ്പൂര് പൊലീസും തിരുവല്ലയിൽ നിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
തിരുവല്ലയിലേക്ക് പുറപ്പെട്ട ബസിന്റെ ഡ്രൈവർ അനിൽ കുമാർ (51), കണ്ടക്ടർ ഷിബു (48) മറ്റു മൂന്ന് യാത്രക്കാർ എന്നിവരെ മല്ലപ്പള്ളിയിലെ ഗവ.ആശുപത്രിയിലും രക്തസ്രാവത്തെ തുടർന്ന് തിരുവല്ല സ്വദേശികളായ രാജമ്മ, സ്മിത എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം സ്വദേശികളായ അഖിൽ, മാതാവ് സതികുമാരി എന്നിവരെ തിരുവനന്തപുരത്ത് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ മറ്റു യാത്രക്കാരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.
അപകട മേഖല
മല്ലപ്പള്ളി : മല്ലപ്പള്ളി - കല്ലൂപ്പാറ - തിരുവല്ല റോഡിൽ കൊല്ലമലപ്പടിയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. കൊല്ലമലപ്പടിക്ക് സമീപം കഴിഞ്ഞ 12ന് സ്കൂട്ടർ യാത്രക്കാരനായ കവിയൂർ സ്വദേശി ജയ്സൻ ജേക്കബ് കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ പെട്ട് മരണപെട്ടിരുന്നു. രണ്ട് വർഷം മുമ്പ് ആധുനിക രീതിയിൽ നിർമ്മിച്ച റോഡിന്റെ വീതി കുറവും വശങ്ങളിലും കാട് വളർന്നുനിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാണ്. വളവുകളിലെ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും മഴ പെയ്താലുള്ള വെള്ളക്കെട്ടും യാത്രക്കാരെ അപകടത്തിൽപ്പെടുത്തും.
അപകടം ഇന്നലെ രാവിലെ 11.30ന്
മണിക്കൂറുകളോളം ഗതാഗതം മുടങ്ങി
കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് പ്രശ്നപരിഹാരം കണ്ടെത്താൻ പൊതുമരാമത്ത് അധികൃതർ നടപടിയെടുക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |