മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 110 ലിറ്റർ വിദേശമദ്യം മണ്ണാർക്കാട് എക്‌സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. മദ്യം കടത്താനുപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കള്ളമല ചിമ്മിനിക്കാട് വീട്ടിൽ മനു (30) ആണ് പിടിയിലായത്. കള്ളമല സ്വദേശി വിത്സനാണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ കാഞ്ഞിരപ്പുഴ കാഞ്ഞിരത്തുവച്ചാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്.
എക്‌സൈസിന്റെ വാഹനം കണ്ടതോടെ നിർത്താതെ പോയ മാരുതികാറിനേയും ബൈക്കിനേയും സംഘം പിന്തുടരുകയും കാറിലുണ്ടായിരുന്ന മനുവിനെ സാഹസികമായി പിടികൂടുകയുമായിരുന്നു. ബൈക്കും കൈവശമുണ്ടായിരുന്ന ബാഗും ഉപേക്ഷിച്ച് വിത്സൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിലും ബൈക്കിലുമുണ്ടായിരുന്ന ബാഗുകളിൽനിന്ന് മദ്യം കണ്ടെടുത്തു. അസി. ഇൻസ്‌പെക്ടർ ബഷീർകുട്ടി, എക്‌സൈസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എ. ഹംസ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബിൻ ദാസ്, അശ്വന്ത്, ഡ്രൈവർ അനൂപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മണ്ണാർക്കാട് എക്‌സൈസ് പിടികൂടി 110 ലിറ്റർ വിദേശ മദ്യവും പ്രതിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |