മുംബയ്: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറഞ്ഞെങ്കിലും വാക്പോര് അവസാനിക്കുന്നില്ല. മോദിയുടെ മാപ്പപേക്ഷ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. ശിവജി മഹാരാജിന്റെ പ്രതിമ തകർന്നത് മഹാരാഷ്ട്രക്ക് കളങ്കമാണ്. സർക്കാരിന്റെ അഴിമതിയാണ് പുറത്തുവന്നത്. മഹാരാഷ്ട്രയെ സമ്പൂർണ പാപ്പരത്തിലേക്ക് തള്ളിവിടുകയാണെന്നും ചവാൻ ആരോപിച്ചു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പ്രതിമ തകർന്നു വീണത് രാഷ്ട്രീയ വിഷയമാക്കി നിലനിറുത്താനാണ് പ്രതിപക്ഷ നീക്കം. മഹാവികാസ് അഘാഡി സഖ്യം കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ്.സഖ്യം ഗേറ്റ്‌വേ ഒഫ് ഇന്ത്യയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശിവജി പാർക്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. പ്രധാനമന്ത്രിക്കു മുമ്പേ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മാപ്പു പറഞ്ഞിരുന്നു. തകർന്നുവീണ പ്രതിമയ്ക്കു പകരം വലിയ പ്രതിമ സർക്കാർ നിർമിക്കുമെന്ന ഉറപ്പും നൽകി. പുതിയ പ്രതിമ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാങ്കേതിക സമിതികളെ സർക്കാർ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമിതിയുടെ ഭാഗമായ ശിൽപികളുമായി ഷിൻഡെ കൂടിക്കാഴ്ച നടത്തി.പ്രതിമ തകർന്നുവീണ സ്ഥലം എൻ.സി.പി നേതാവ് അജിത് പവാർ സന്ദർശിച്ചു. പ്രതിമ തകർന്നുവീണ സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തപ്പെട്ട സ്ട്രക്ചറൽ എൻജിനിയർ ചേതൻ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |