ന്യൂയോർക്ക്: മനുഷ്യനെ ജീവനോടെ വിഴുങ്ങാൻ മടിയില്ലാത്തവരാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പായ റെറ്റിക്കുലേറ്റഡ് പൈത്തൺ. എന്നാൽ റെറ്റിക്കുലേറ്റഡ് പൈത്തണെ ജീവനോടെ വിഴുങ്ങി ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബർമീസ് പൈത്തൺ ഇനത്തിലെ പെരുമ്പാമ്പ്. ഇതാദ്യമായാണ് റെറ്റിക്കുലേറ്റഡ് പൈത്തണെ ബർമീസ് പൈത്തൺ ആക്രമിക്കുന്നത് ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
2020ൽ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള അകിസ് വൈൽഡ്‌ലൈഫ് ഫാമിൽ നടന്ന സംഭവം അടുത്തിടെ പുറത്തിറങ്ങിയ ഒരു ശാസ്ത്ര ജേണലിലാണ് വിവരിക്കുന്നത്. ഏകദേശം രണ്ട് മണിക്കൂർ സമയമെടുത്താണ് തന്നേക്കാൾ വലിപ്പമുള്ള റെറ്റിക്കുലേറ്റഡ് പൈത്തണെ 10 അടി നീളമുള്ള ബർമീസ് വിഴുങ്ങിയത്. ഒരു പ്രദേശത്ത് രണ്ട് ഭീമൻ പാമ്പുകളെയും കണ്ടെത്തിയത് തന്നെ അസാധാരണമാണെന്ന് ഗവേഷകർ പറയുന്നു. ഇരു പാമ്പുകളും തമ്മിൽ ശക്തമായ പോരാട്ടവും നടന്നു.
അടുത്തിടെ, ഇൻഡോനേഷ്യയിൽ മനുഷ്യരെ റെറ്റിക്കുലേറ്റഡ് പൈത്തൺ വിഴുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെക്ക്, തെക്ക് - കിഴക്കൻ ഏഷ്യയിലാണ് റെറ്റിക്കുലേറ്റഡ് പൈത്തണെ കണ്ടുവരുന്നത്. 28 അടി വരെ നീളം വയ്ക്കുമെന്ന് കരുതുന്നു.
1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. 145 കിലോഗ്രാം വരെ ഭാരമുള്ള ഇവ മുതലകളെ പോലും ആക്രമിക്കും.
ഏറ്റവും വലിയ പാമ്പ് സ്പീഷീസുകളിലൊന്നാണ് ബർമീസ് പൈത്തൺ. തെക്കുകിഴക്കൻ ഏഷ്യയാണ് സ്വദേശം. യു.എസിലെ ഫ്ലോറിഡയിലും ഇവയെ കാണാം. 1970കളുടെ അവസാനം ഏഷ്യയിൽ നിന്ന് വളർത്താനായാണ് ആദ്യമായി ഇവയെ ഫ്ലോറിഡയിൽ എത്തിച്ചത്.
എന്നാൽ, അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ മേഖലയിലെ സ്വാഭാവിക ജീവികളെ ആഹാരമാക്കി ക്രമാതീതമായി വ്യാപിച്ചു. ഫ്ലോറിഡയിലെ സ്വാഭാവിക സ്പീഷീസുകൾക്ക് നാശമുണ്ടാക്കുന്ന ജീവികളുടെ (ഇൻവേസീവ് സ്‌പീഷീസ്) ഗണത്തിലാണ് ഇക്കൂട്ടരുള്ളത്. ഫ്ലോറിഡയിൽ നിന്ന് ബർമീസ് പൈത്തണുകളെ പിടികൂടുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |