വിൻഡ്ഹോക്ക്: തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ മാംസത്തിനായി ആനകൾ അടക്കം 723 മൃഗങ്ങളെ കൊല്ലാൻ അനുമതി. കടുത്ത വരൾച്ച മൂലം പട്ടിണിയിലായ ജനങ്ങൾക്ക് വേണ്ടിയാണ് നീക്കം. നമീബിയയിലെ ജനസംഖ്യയുടെ പകുതിയും ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മൃഗങ്ങളുടെ എണ്ണം കൂടുതലുള്ള തിരഞ്ഞെടുക്കപ്പെട്ട നാഷണൽ പാർക്കുകളിലും ജനവാസ പ്രദേശങ്ങളിലും നിന്നാണ് വേട്ടയാടാൻ അനുമതി. പരിസ്ഥിതി മന്ത്രാലയവുമായി കരാറിലേർപ്പെട്ട വേട്ടക്കാരെയും കമ്പനികളെയുമാണ് മൃഗങ്ങളെ കൊല്ലാൻ അനുവദിക്കുക. ഇതിനോടകം 157 മൃഗങ്ങളെ വേട്ടയാടി.
അതേ സമയം, എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കൊടും വരൾച്ച തെക്കേ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 68 ദശലക്ഷം ജനങ്ങളെ ബാധിച്ചെന്നാണ് കണക്ക്. 2024ന്റെ തുടക്കത്തിൽ ആരംഭിച്ച വരൾച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് വഴുതിവീണു. സിംബാബ്‌വെ, സാംബിയ, മലാവി, ലെസോതോ എന്നിവിടങ്ങളിലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണ്.
കൊല്ലുന്നത്
ഹിപ്പോ - 30
കാട്ടുപോത്ത് - 60
ഇംപാല - 50
ബ്ലൂ വിൽഡബീസ്റ്റ് - 100
സീബ്ര - 300
ആന - 83
ഈലൻഡ് - 100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |