തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ലക്ഷം കർഷകർക്ക് ഗുണമാവുന്ന, സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ 'കേര' പദ്ധതിക്ക് (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ലോകബാങ്കിന്റെ അംഗീകാരം.
1677.85 കോടി ലോകബാങ്ക് വായ്പയാണ്. 713.06 കോടി സംസ്ഥാന വിഹിതവും. അഞ്ച് വർഷമാണ് കാലാവധി. ഒരു മാസത്തിനകം കരാറൊപ്പിടുന്നതോടെ ലോകബാങ്ക് പണംഅനുവദിക്കും.
കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്ന കൃഷിരീതികളുടെയും ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെയും പ്രയോജനം നാല് ലക്ഷം കർഷകർക്ക് ലഭിക്കും. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ കൃഷിനിർദ്ദേശങ്ങൾ ഒരുലക്ഷം പേർക്ക് നൽകും.
കേന്ദ്രനിർദ്ദേശപ്രകാരം പുതുക്കിയ പദ്ധതിയാണ് ലോകബാങ്ക് അംഗീകരിച്ചത്.
മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും അവയ്ക്ക് കൂടുതൽ വിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും കൃഷി കൂടുതൽ ലാഭത്തിലാക്കും. കാർഷിക വിതരണശൃംഖല ശക്തമാക്കും. കാർഷിക വിപണികളുടെ അടിസ്ഥാനസൗകര്യം കൂട്ടും. കൃഷിയിലും അനുബന്ധ മേഖലയിലും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. റബർ, ഏലം, കാപ്പി അടക്കം തോട്ടവിളകളുടെ പുനരുജ്ജീവനത്തിനും പദ്ധതിയുണ്ട്.
പ്രത്യേകതകൾ
ജലസേചനവും വളപ്രയോഗവും നവീകരിക്കുന്നത് നെൽകർഷകർക്ക് ഗുണം. 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകളിലൂടെ വിപണി ഇടപെടലുണ്ടാവും. 250 ചെറുകിട, ഇടത്തരം അഗ്രി വ്യവസായങ്ങൾക്ക് സാമ്പത്തിക,സാങ്കേതിക സഹായം. മികച്ച കയറ്റുമതി വിപണികൾ കണ്ടെത്താൻ ക്രെഡിറ്റ് സഹായം. വനിതാ കർഷകർക്കും വനിതാ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 150അഗ്രി സ്റ്രാർട്ടപ്പുകൾ.
മൂല്യവർദ്ധിത കൃഷിക്ക് 906 കോടി
1)കാലാവസ്ഥാ പ്രതിരോധ കൃഷിരീതികൾ- 805.34കോടി
2)മൂല്യവർദ്ധിത കൃഷിരീതി- 906.01കോടി
3)അഗ്രിബിസിനസ് ശക്തമാക്കാൻ- 511.72കോടി
4)പ്രോജക്ട് മാനേജ്മെന്റ്- 167.78കോടി
'കാർഷിക മേഖലയിലെ നിക്ഷേപം കൂട്ടും. സപ്ലൈ ചെയിനുകൾ കാര്യക്ഷമമാക്കും. സുസ്ഥിര വിപണി ഇടപെടലുണ്ടാവും.കാർഷികമേഖലയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളുണ്ടാക്കും''
-ഡോ.ബി.അശോക്
പ്രിൻസിപ്പൽസെക്രട്ടറി, കൃഷി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |