തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ പരിചയക്കുറവും അലംഭാവവും കാരണം ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഇതുവരെ തൊഴിലുറപ്പ് മേഖലയിൽ കുറഞ്ഞത് ഒന്നേമുക്കാൽ കോടിയിലധികം തൊഴിൽ ദിനങ്ങൾ. ഇതുമൂലം തൊഴിലാളികൾക്ക് കൂലിയിനത്തിൽ കിട്ടേണ്ട 534 കോടിയും നഷ്ടമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ- ഒക്ടോബർ) സൃഷ്ടിച്ചത് 5,89,48,429 തൊഴിൽ ദിനങ്ങൾ. ഈ സാമ്പത്തിക വർഷം ഈ കാലയളവിലുണ്ടായത് 4,12,87,944. തൊഴിലാളികൾക്ക് നഷ്ടമായത് 1,76,60,485 തൊഴിൽ ദിനങ്ങൾ.
തൊഴിലുറപ്പ് കൂലി ലഭ്യമാക്കുന്നത് കേന്ദ്ര സർക്കാരാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ആറുമാസത്തിൽ 1962.98 കോടി ലഭിച്ചു. തൊഴിൽ ദിനങ്ങൾ കുറഞ്ഞതോടെ ഇക്കുറി ലഭിച്ചത് 1428.56 കോടി മാത്രം. തദ്ദേശവകുപ്പ് സംയോജനത്തിന് പിന്നാലെ ബ്ലോക്ക് തലത്തിലടക്കം പദ്ധതി നിർവഹണത്തിൽ പരിചയക്കുറവുള്ള ഉദ്യോഗസ്ഥർ തലപ്പത്ത് എത്തിയതാണ് തിരിച്ചടിയായത്. ഇതുമൂലം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും നിരീക്ഷിക്കുന്നതിലും വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥ അലംഭാവം കൂടിയായപ്പോൾ കൃത്യമായി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായില്ല.
2022ലാണ് പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനിയറിംഗ്, നഗരഗ്രാമാസൂത്രണം വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശവകുപ്പ് പൊതുസർവീസ് രൂപീകരിച്ചത്.
പരിശീലനം നൽകാത്തത് തിരിച്ചടി
1.നേരത്തെ ബ്ലോക്കിൽ വില്ലേജ് എക്സ്റ്റൻഷൻ, ജോയിന്റ് ബി.ഡി.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ തസ്തികകളിലുള്ളവർക്കായിരുന്നു ചുമതല. ഇവർക്ക് 6 മാസം പരിശീലനവും നൽകിയിരുന്നു
2.വകുപ്പ് സംയോജനത്തെ തുടർന്ന് കോർപ്പറേഷൻ, മുൻസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെത്തി. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയില്ലാത്തതിനാൽ നടപ്പാക്കുന്നതിൽ ഇവർക്ക് വ്യക്തമായ ധാരണയുണ്ടായില്ല
3.ഓഫീസ് ജോലികൾ മാത്രം ചെയ്തിരുന്നഹെഡ് ക്ലാർക്ക്, ഹെഡ് അക്കൗണ്ടന്റ്, ജൂനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തസ്തികയിലുള്ളവരും ബ്ലോക്കുകളിലെത്തി. ഇവർക്ക് പരിശീലനവും നൽകുന്നില്ല
20,44,453
ആകെ തൊഴിലുറപ്പ് കുടുംബങ്ങൾ
24,29,587
ആകെ തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |