കൊച്ചി: തനിക്കെതിരെയുള്ളത് വ്യാജ പീഡനാരോപണങ്ങളാണെന്ന് നടൻ ജയസൂര്യ. നിയമപരമായി നേരിടും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രമെന്നും അമേരിക്കയിലുള്ള ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ ജന്മദിനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വ്യക്തിപരമായ അത്യാവശ്യങ്ങൾക്കായി കുടുംബത്തിനൊപ്പം ഒരു മാസത്തോളമായി അമേരിക്കയിലാണ്. അപ്രതീക്ഷിതമായുണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങൾ തന്നെ തകർത്തു. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി. ഇനിയുള്ള കാര്യങ്ങൾ നിമവിദഗ്ദ്ധർ തീരുമാനിക്കും. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കുനേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. അന്തിമവിജയം സത്യത്തിനായിരിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വസമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ആരോപണ വിധേയരെയും
കേൾക്കണം: ബി. ഉണ്ണിക്കൃഷ്ണൻ
കൊച്ചി: സിനിമയിലെ ലൈംഗിക അതിക്രമങ്ങളിൽ ആരോപണവിധേയരെ കേൾക്കാത്തത് നീതികേടാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. എല്ലായിടത്തുമുള്ള പ്രബല ഗ്രൂപ്പുകളെ മാഫിയകളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റം ചെയ്ത എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. ആഷിഖ് അബുവിന്റെ രാജിയും പ്രതികരണവും ആത്മരതിയാണ്. എട്ടുവർഷമായി അടയ്ക്കാത്ത വരിസംഖ്യ ഏതാനും ദിവസം മുമ്പാണ് അടച്ചത്. അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. രാജിക്കത്ത് ലഭിച്ചിട്ടില്ല.
സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് താൻ മാറിനിൽക്കില്ല. മാക്ട ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് അംഗമാക്കിയത്. സംഘടന ആവശ്യപ്പെട്ടാൽ മാറിനിൽക്കും. സിനിമയിലെ 21 വിഭാഗങ്ങളുടെ പ്രതിനിധിയാണ് ഫെഫ്ക. അവരുടെ അഭിപ്രായം കേൾക്കാതെ നയം രൂപീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രായമുള്ള സ്ത്രീകളോടു പോലും മോശമായി പെരുമാറുന്നു: ലക്ഷ്മി രാമകൃഷ്ണൻ
ചെന്നൈ: പ്രായമുള്ള സ്ത്രീകളോട് പോലുംമോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ.
കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലൊക്കേഷനിലുമുണ്ടായി ദുരനുഭവം. അമ്മ വേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളിൽ ബഹുമാനം ലഭിക്കും. എന്നാൽ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും പറഞ്ഞു.
സിദ്ദിഖിനെതിരായ പരാതി:
യുവനടിയുമായി തെളിവെടുപ്പ്
തിരുവനന്തപുരം: നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ യുവനടിയുമായി പൊലീസ് തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. ഇന്നലെ നടന്ന തെളിവെടുപ്പിൽ സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.
101ഡി നമ്പർ മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28ന് താമസിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയുമെടുത്തു. തെളിവെടുപ്പ് പൊലീസ് വീഡിയോയിൽ ചിത്രീകരിച്ചു. പരാതിയിൽ പറയുന്ന പ്രിവ്യു ഷോയ്ക്ക് ഇരുവരുമുണ്ടായിരുന്നതായി പൊലീസ് ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |