മലപ്പുറം: സി.പി.എമ്മിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആഭ്യന്തര വകുപ്പിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പി.വി.അൻവർ നടത്തിയ ആരോപണങ്ങൾക്കു പിന്നിൽ പാർട്ടിയിൽ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയും,
സ്വർണക്കടത്ത് മാഫിയകൾ തമ്മിലെ കിടമത്സരവുമെന്ന് സൂചന.
എസ്.പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയ്ക്കും പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് അൻവറിനെ വിളിച്ചു വരുത്തി തുടർ വിവാദങ്ങളിലേക്ക് പോവരുതെന്ന് മുന്നറിയിപ്പ്
നൽകിയിരുന്നു. എന്നാൽ,സി.പി.എമ്മിനെ അമ്പരപ്പിച്ച് ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശന മുനയ്ക്ക് മൂർച്ച കൂട്ടുകയാണ് പി.വി.അൻവർ. ആരോപണങ്ങൾ എ.ഡി.ജി.പി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെയാണെങ്കിലും ഇരുവരും മുഖ്യമന്ത്രിയുടെ വിശ്വസ്തരായതിനാൽ ഫലത്തിൽ വിമർശന മുന നീളുന്നത് പിണറായിയിലേക്കാണ് എന്നതാണ് സി.പി.എം നേരിടുന്ന പ്രതിസന്ധി. ഒരു യു ട്യൂബ് ചാനലിനെതിരായ തന്റെ നീക്കങ്ങൾ വിജയിക്കാതെ പോയത് എം.ആർ. അജിത് കുമാറിന്റെ ഇടപെടൽ മൂലമാണെന്നത് പി.ശശിയെ അൻവർ അറിയിച്ചെങ്കിലും ഗൗനിച്ചില്ല. ഭരണപക്ഷ എം.എൽ.എയ്ക്ക് ലഭിക്കുന്ന പരിഗണന ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് ലഭിക്കുന്നില്ലെന്നതും തന്റെ പാർക്കിലെ 15 ലക്ഷം രൂപയുടെ റോപ്പ് മോഷണം പോയതിലെ അന്വേഷണത്തിൽ പൊലീസിന്റെ അലംഭാവവും അൻവറിനെ ചൊടിപ്പിച്ചിരുന്നു.
മലപ്പുറത്തെ ഇടതു സ്വതന്ത്ര എം.എൽ.എമാരായ കെ.ടി.ജലീലിനേയും വി.അബ്ദുറഹ്മാനേയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ അൻവറിനെ അവഗണിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനമേകിയിരുന്നെന്നാണ് വിവരം. മന്ത്രി വി.അബ്ദുറഹ്മാനെ ടേം വ്യവസ്ഥയിൽ മാറ്റി തനിക്ക് കൂടി അവസരം നൽകുമെന്ന് പ്രതീക്ഷിച്ചു. അൻവറിന് നിലമ്പൂരിൽ മൂന്നാമതും അവസരം നൽകേണ്ടതുണ്ടോയെന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. മുസ്‌ലിം ലീഗ് നേതൃത്വവുമായും അൻവർ മികച്ച ബന്ധം പുലർത്തുന്നുണ്ട്. മറ്റ് പാർട്ടികളിലേക്ക് ചേക്കേറുമെന്ന വാർത്തകളെ നിഷേധിക്കുന്ന അൻവർ സി.പി.എമ്മിൽ തന്നെ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. അൻവറിന്റെ വിവാദ പരാമർശങ്ങളിൽ സംസ്ഥാന നേതൃത്വം തീരുമാനം കൈകൊള്ളട്ടേയെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |