കാട്ടാക്കട: താലൂക്ക് നിവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. ലേണേഴ്സ് പരീക്ഷ വിജയിച്ച് ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ നാലായിരത്തോളം പേരാണിപ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.
കാട്ടാക്കട സബ് റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കീഴിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. ജില്ലയിലെ മറ്റ് ആർ.ടി ഓഫീസുകളിൽ അഞ്ചും ആറും ദിവസം ടെസ്റ്റ് നടത്തുമ്പോഴാണ് കാട്ടാക്കടയിൽ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് മൂന്ന് ദിവസമായി പരിമിതപെടുത്തിയിരിക്കുന്നത്.
പ്ലസ്ടൂ കഴിഞ്ഞ് വെക്കേഷൻ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനായി ഡ്രൈവിംഗ് പരിശീലനം പൂർത്തിയായ നിരവധി വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ലൈസൻസ് നേടാൻ കഴിഞ്ഞില്ല.
നിരവധിപേർ ബുദ്ധിമുട്ടിൽ
ലേണേഴ്സ് വിജയിച്ച് ഡ്രൈവിംഗ് പരിശീലനവും പൂർത്തിയാക്കിയെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം നിരവധി വിദ്യാർത്ഥികൾക്ക് ലൈസൻസ് ലഭിക്കാനായില്ല. ഇത്തരത്തിൽ പരിശീലനം പൂർത്തിയാക്കിയ നിരവധി പേർ ഡ്രൈവിംഗ് ലൈസൻസ് മോഹം ഉപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി സംസ്ഥാനം വിട്ടുപോയി. വിദേശത്ത് പോകുന്നവരും, സംസ്ഥാനംവിട്ട് പോകുന്നവരുമാണ് ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്.
ജില്ലയിലെ മറ്റ് റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ രണ്ടിലേറെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുള്ളപ്പോൾ കാട്ടാക്കട ഓഫീസിൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാത്രമാണുള്ളത്.
ടെസ്റ്റിൽ വിജയിക്കുന്നവർ കുറവ്
തിങ്കൾ,വ്യാഴം,ശനി ദിവസങ്ങളിൽ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ മുളമൂട് കുറകോണത്തുള്ള ഡ്രൗണ്ടിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. ദിവസവും നാൽപ്പത് പേർക്കാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയും പുതിയ പരിഷ്‌കാരങ്ങളും കാരണം ടെസ്റ്റിൽ പലപ്പോഴും പകുതിയോളം പേരാണ് വിജയിക്കുന്നത്.
ജീവനക്കാരെ നിയോഗിക്കണം
പരിശീലനം പൂർത്തിയായവർക്ക് എല്ലാദിവസവും ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകുന്നതിനും കാട്ടാക്കട പ്രദേശത്തെ റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് കാലതാമസം വരുന്നതുകാരണം യഥാസമയം ആളുകൾക്ക് ലൈസൻസ് കിട്ടാൻ വൈകുന്നു. അടിയന്തരമായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ നടപടിയുണ്ടാകണം.
പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |