ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവിംഗ് സ്‌കൂൾ,യാത്രി ഫ്യൂവൽ എന്നീ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.തെക്കുഭാഗത്തുള്ള ഡിപ്പോ ഭൂമിയിൽ കച്ചവടസമുച്ചയം ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്.ഡ്രൈവിംഗ് സ്‌കൂളിനുള്ള പ്രാരംഭനടപടികളെല്ലാം പൂർത്തിയായി.
ഇപ്പോൾ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് ദേശീയപാതയോട് ചേർന്നാണ് യാത്രി ഫ്യുവൽ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുമ്പോൾ മാമത്തിനും കല്ലമ്പലത്തിനും ഇടയ്ക്ക് ദേശീയപാതയുടെ ഇടതുവശത്ത് പെട്രോൾ പമ്പുകളില്ല. കെ.എസ്.ആർ.ടി.സി ഗാരേജിൽ പമ്പ് ആരംഭിച്ചാൽ പ്രദേശവാസികൾക്കും മറ്റ് യാത്രക്കാർക്കും ഗുണകരമാകും.ഇപ്പോൾ കല്ലമ്പലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കണമെങ്കിൽ റോഡിന്റെ വലതുവശത്തേക്ക് പോകണം. നാലുവരിപ്പാതയായതിനാൽ ചുറ്റിക്കറങ്ങിവേണം പമ്പുകളിലെത്താൻ. ഈ പ്രശ്നത്തിന് പരിഹാരമാകുന്നതോടെ ജനങ്ങൾ പദ്ധതി ഏറ്റെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിനെല്ലാം പുറമേ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കെട്ടിട സമുച്ചയം കൂടി വരുമ്പോൾ പ്രതിമാസം വാടകയിനത്തിൽ ലക്ഷങ്ങൾ ലഭിക്കും.
ഹെവി പരിശീലനം
ഡ്രൈവിംഗ് സ്‌കൂൾ ഓഫീസ്,പ്രാക്ടിക്കൽ ക്ലാസ് മുറി എന്നിവ സജ്ജമാക്കി. ക്ലാസിലേക്കാവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളുമെല്ലാം എത്തിച്ചിട്ടുണ്ട്. പരിശീലകനെ നിയമിച്ച് രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കിയാലുടൻ ഹെവി വാഹനങ്ങളുടെ പരിശീലനം ആരംഭിക്കും.
ബസ് ഡിപ്പോയിലുണ്ട്
ഹെവി വാഹന ഡ്രൈവിംഗ് പരിശീലനത്തിനുള്ള ബസ് ഡിപ്പോയിലുണ്ട്. കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഡ്രൈവർമാരെ തന്നെയാണ് പരിശീലകരായി നിയമിക്കുന്നത്. യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ച് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. പരിശീലകനെ നിയമിച്ച ശേഷമേ രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടക്കാനാകൂ. ഇത് ഉടൻ പൂർത്തിയാകും.ഹെവി വാഹന പരിശീനത്തിന് മൈതാനം ആവശ്യമില്ല.
മൈതാനം റെഡിയാക്കണം
കാറ്,മോട്ടോർ ബൈക്ക് എന്നിവ പരിശീലനത്തിനായി മൈതാനം സജ്ജമാക്കണം.ഡിപ്പോയുടെ പിന്നിലുള്ള സ്ഥലം ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.കൂടാതെ പരിശീലനത്തിനായി ഒരു കാറും രണ്ട് ബൈക്കും വേണം. മൈതാനം സജ്ജമാക്കുന്നതിനും കാറും ബൈക്കും വാങ്ങുന്നതിനുമുള്ള തുക ഒ.എസ്.അംബിക എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |