തൃശൂർ: കേരളത്തിലെ കടലോര കായലോര പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയും, മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസും ലൈസൻസ് ഫീസും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തെ അന്യായമായി ചൂഷണം ചെയ്യുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ.
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലും കായലും തീരങ്ങളും കോർപറേറ്റ് മുതലാളിമാർക്കായി തീറെഴുതാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്ക് കേരള സർക്കാർ പരസ്യപിന്തുണ ചെയ്യുകയാണെന്നും ഫലത്തിൽ കടലും കായലും തീരങ്ങളും മത്സ്യത്തൊഴിലാളി സമൂഹത്തിന് അന്യവത്കരിക്കപ്പെടുന്ന നയങ്ങൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ദേശീയ പ്രസിഡന്റ് ആംസ്‌ട്രോംഗ് ഫെർണാണ്ടോ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ ആർ. ഗംഗാധരൻ, മുനമ്പം സന്തോഷ്, എ.എം. അലാവുദ്ദീൻ, സംസ്ഥാന ഭാരവാഹികളായ പൊഴിയൂർ ജോൺസൺ, പി. പ്രഭാകരൻ, ആർ. രാജപ്രിയൻ, എ.ആർ. കണ്ണൻ, സുരേന്ദ്രൻ മരയ്ക്കാൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |